Connect with us

Ongoing News

പോളിംഗ് ഓഫീസര്‍മാര്‍ക്ക് മൊബൈല്‍ ആപ് ഇ- സമ്മതി

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഇ-സമ്മതി എന്ന പേരില്‍ മൊബൈല്‍ ആപ്. ബൂത്തുകളുടെ ചുമതലയുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കാണ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നത്. ഇതിലൂടെ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡോ. നസീം സെയ്ദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ തിരിക്കുന്നതുമുതലുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കുന്ന തരത്തിലാണ് ആപ് തയ്യാറാക്കിയിട്ടുള്ളത്. പോളിംഗ് സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ എപ്പോള്‍ എത്തിച്ചേര്‍ന്നു, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ സീല്‍ ചെയ്തിട്ടുണ്ടോ, മോക്‌പോള്‍ സംഘടിപ്പിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്രമണിക്ക്, പോള്‍ നില എങ്ങനെ, വൈകിട്ട് ആറ് മണിക്കുശേഷം എത്രവോട്ടര്‍മാര്‍ ക്യൂവിലുണ്ട്, പോളിംഗ് എപ്പോള്‍ അവസാനിപ്പിച്ചു, അവസാന പോളിംഗ് ശതമാനം, പോളിംഗ് മെറ്റീരിയല്‍ കൈമാറിയ സമയം തുടങ്ങിയ വിവരങ്ങളെല്ലാം മൊബൈല്‍ ആപിലൂടെ കൈമാറാനാകും.

ഇതിലൂടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതിനോടൊപ്പം കാര്യങ്ങള്‍ ബൂത്ത്തലത്തില്‍ തത്‌സമയം ശേഖരിക്കാനാകുമെന്നും കമ്മീഷണര്‍ പറഞ്ഞു. ആപിന്റെ ഔദ്യോഗിക പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഇ കെ മാജിയുടെ നേതൃത്തിലുള്ള സംസ്ഥാനതലസംഘം ഏര്‍പ്പെടുത്തിയ ഇ- ആപുകളായ ഇ-പരിഹാര്‍, ഇ-അനുമതി, ഇ-വാഹനം എന്നിവ കാര്യക്ഷമവും കുറ്റമറ്റതുമാണെന്ന് നസീം സെയ്ദി പറഞ്ഞു.

Latest