ആ സ്രോതസ്സുകള്‍ വെളിപ്പെടണം

Posted on: April 25, 2016 8:40 am | Last updated: April 25, 2016 at 9:30 am
SHARE

പ്രാതിനിധ്യ, പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയ കക്ഷികളാണ് അധികാരം കൈയാളുന്നതും അതിന്റെ ദിശയും മുന്‍ഗണനകളും നിശ്ചയിക്കുന്നതും. ഭരണപക്ഷത്തിന് മാത്രമല്ല പ്രതിപക്ഷത്തിനും ഭരണഘടനാപരമായ അവകാശങ്ങളും അംഗീകാരങ്ങളും ഉത്തരവാദിത്വവും നിര്‍ണയിച്ച് നല്‍കിയിട്ടുണ്ട്. നിരവധി വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് അവ പ്രവര്‍ത്തിക്കുന്നത്. ജനാഭിലാഷം പ്രകടിപ്പിക്കപ്പെടുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിയാണ്. സദാ ജനകീയ പരിശോധനക്ക് വിധേയപ്പെടാനുള്ള ബാധ്യതയുണ്ട് ഈ പാര്‍ട്ടികള്‍ക്ക്. അങ്ങേയറ്റം സുതാര്യമായിരിക്കണം അവ ഇടപെടുന്ന സര്‍വ മേഖലകളും. സുതാര്യത ഉറപ്പ് വരുത്താനായി കൊണ്ടുവന്ന വിവരാവകാശ നിയമം അടക്കമുള്ള സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനോട് പക്ഷേ, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്. പാര്‍ട്ടികളുടെ തീരുമാനങ്ങളും തീരുമാനമെടുക്കല്‍ പ്രക്രിയയും വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന നിലപാടാണ് പ്രമുഖ പാര്‍ട്ടികളെല്ലാം കൈക്കൊണ്ടിട്ടുള്ളത്. മാത്രമല്ല, പാര്‍ട്ടികളുടെ വരുമാനവും സ്വത്ത് വകകളും അതാത് സമയത്ത് കൃത്യമായി വെളിപ്പെടുത്തുന്നതിലും അവ ഔത്സുക്യം കാണിച്ചുവരുന്നില്ല. ഇത് ജനാധിപത്യത്തെ വലിയ തോതില്‍ ദുര്‍ബലമാക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ ധനസ്രോതസ്സ് ഒട്ടും ഗോപ്യമാക്കാതെ ജനങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെട്ടു കിടക്കേണ്ടതുണ്ട്. പക്ഷേ, നേരെ വിപരീത ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നിഗൂഢമാണ് ഈ സ്രോതസ്സുകള്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച കണക്കുകള്‍ വിശകലനം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനം ഗൗരവതരമായ ഈ വസ്തുതകള്‍ മുന്നോട്ട് വെക്കുന്നു.
ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനം അടിക്കടി വര്‍ധിക്കുന്നുവെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. 2014- 15 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് തിര. കമ്മീഷന് സമര്‍പ്പിക്കാനുള്ള അവസാന തീയതി നവബര്‍ 30 ആയിരുന്നു. ആറ് ദേശീയ പാര്‍ട്ടികളില്‍ നാലെണ്ണം മാത്രമാണ് ഈ സമയപരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ബി ജെ പി, സി പി എം, സി പി ഐ, ബി എസ് പി എന്നിവയാണ് അവ. കോണ്‍ഗ്രസും എന്‍ സി പിയുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയത്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട കണക്ക് പ്രകാരം ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തില്‍ 39 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 2013-14ല്‍ 920.44 കോടിയായിരുന്നത് 2014-15 കാലയളവില്‍ 1275 കോടി രൂപയായി. ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബി ജെ പി തന്നെയാണ്. 2014- 15 വര്‍ഷത്തില്‍ 970.43 കോടിയാണ് ബി ജെ പിയുടെ വരുമാനം. 76.06 ശതമാനം വര്‍ധന. ബി എസ് പിയുടെ വരുമാനം 67.31 ശതമാനം വര്‍ധിച്ചു. 2013-14ല്‍ 121.87 കോടിയായിരുന്ന സി പി എമ്മിന്റെ വരുമാനം 123.92 കോടിയായി വര്‍ധിച്ചു. ഏറ്റവും കുറവ് വരുമാനം സി പി ഐക്കാണ്. 1.84 കോടി. 2013- 14 ല്‍ 2.43 കോടിയുണ്ടായിരുന്ന സി പി ഐ വരുമാനം 24.28 ശതമാനം കുറഞ്ഞു.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത, ബി ജെ പി അധികാരത്തിലെത്തിയ 2014- 15 കാലയളവിലാണ് അവരുടെ വരുമാനം കുതിച്ചുയര്‍ന്നത് എന്നതാണ്. എന്താണ് അത് അര്‍ഥമാക്കുന്നത്? ഭരണത്തിന്റെ സാധ്യതകളും സ്വാധീനവും ഉപയോഗിച്ച് പണപ്പിരിവ് തകൃതിയായി നടക്കുന്നു എന്നതല്ലേ? രാജ്യത്തെ വിലക്കെടുക്കാന്‍ ശേഷിയുള്ള കോര്‍പറേറ്റ് ഭീമന്‍മാര്‍ ഭരണകക്ഷിക്ക് വാരിക്കോരി പണം നല്‍കുന്നു. കൃത്യമായ പ്രത്യുപകാരം പ്രതീക്ഷിച്ചു തന്നെയാണ് ഇവര്‍ ഭരണകക്ഷിക്ക് പണം നല്‍കുന്നത്. മോദി സര്‍ക്കാറിന്റെ നിര്‍ണായക തീരുമാനങ്ങള്‍ കോര്‍പറേറ്റ് അനുകൂലമാകുന്നുവെന്നതിന്റെ യഥാര്‍ഥ കാരണമാണ് ഇവിടെ വെളിപ്പെടുന്നത്. കോര്‍പറേറ്റ് നികുതി മേഖലയില്‍ വന്‍ ഇളവുകളാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. വന്‍ വ്യവസായികള്‍ പ്രതികളായ 750 നികുതി കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. കള്ളപ്പണക്കാര്‍ക്കെതിരെ ഉറച്ച ചുവടുവെക്കാന്‍ സര്‍ക്കാറിന് ത്രാണിയില്ല. രാജ്യത്തെ കര്‍ഷകര്‍ കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യയിലേക്ക് ഇടറിവീഴുമ്പോഴാണ് കോര്‍പറേറ്റുകളെ ഇളവ് കൊണ്ട് മൂടുന്നത്. സാമ്പത്തിക അസമത്വം വര്‍ധിപ്പിക്കുന്ന നയങ്ങള്‍ നിരന്തരം കൈക്കൊള്ളുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ പകുതിയിലധികവും അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നാണെന്നത് അത്യന്തം ഗുരുതരമാണ്. എ ഡി ആര്‍ മുന്നോട്ട് വെക്കുന്ന കണക്ക് പ്രകാരം 2014-15 കാലയളവില്‍ 685 കോടി രൂപയാണ് ദേശീയ പാര്‍ട്ടികള്‍ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് നേടിയത്. മൊത്തം വരുമാനത്തിന്റെ 54 ശതമാനം വരുമിത്. കോണ്‍ഗ്രസിന്റയും എന്‍ സി പിയുടയും കണക്ക് ഇതില്‍ വന്നിട്ടില്ലെന്നോര്‍ക്കണം. എത്ര ഭീകരമാണ് കാര്യങ്ങള്‍. ജനകീയമെന്ന് അവകാശപ്പെടുന്ന ഈ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്ന അജ്ഞാത കേന്ദ്രങ്ങളായിരിക്കില്ലേ അവയുടെ തീരുമാനങ്ങളും നയങ്ങളും നിര്‍ണയിക്കുക. ഈ പാര്‍ട്ടികളാണല്ലോ പൊതു ഖജനാവ് കൈകാര്യം ചെയ്യുക. ഇവയാണല്ലോ രാജ്യത്തെ സാമ്പത്തിക, സാമൂഹിക, സുരക്ഷാ മുന്‍ഗണനകള്‍ നിശ്ചയിക്കുക. അതുകൊണ്ട് ഇരുള്‍ മൂടിയിരിക്കുന്ന ഈ സ്രോതസ്സുകള്‍ വെളിപ്പെടുക തന്നെ വേണം. സുതാര്യത സൂക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ നിയമം കര്‍ക്കശമാകണം.