Connect with us

International

സിറിയയില്‍ നാല് ലക്ഷം പേര്‍ കൊല്ലപ്പെട്ടതായി യു എന്‍

Published

|

Last Updated

ജനീവ : സിറിയയില്‍ അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 400.000 പേര്‍ കൊല്ലപ്പെട്ടതായി സിറിയക്കായുള്ള പ്രത്യേക യു എന്‍ പ്രതിനിധി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതിനെത്തുര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍നിന്നും രാജ്യത്തെ സഹായിക്കാന്‍ മേഖലയിലെ വന്‍ ശക്തികള്‍ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിറിയയില്‍ നാല് ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നത് തന്റെ ഏകദേശ കണക്കാണെന്നും യു എന്നിന്റെ ഔദ്യോഗിക കണക്കല്ലെന്നും സ്റ്റഫാന്‍ ഡി മിസ്തുര വിശദീകരിച്ചു. രണ്ട് വര്‍ഷം മുമ്പ് 250,000 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു കണക്ക്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പെന്നത് രണ്ട് വര്‍ഷം മുമ്പ് തന്നെയാണെന്നും മിസ്തുര പറഞ്ഞു. കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ സിറിയയില്‍ ഇപ്പോള്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം സംബന്ധിച്ച് യു എന്നിന് ക്യത്യമായ വിവരമില്ല. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗത്തും പോരാട്ടം രൂക്ഷമായിരിക്കുകയാണ്. ദമാസ്‌കസില്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹോംസിലെ ബാബ് അല്‍ തരിഖ് മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തിലും ബാരല്‍ ബോംബ് ആക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടനയും പറയുന്നു.
പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ സര്‍ക്കാറും പ്രതിപക്ഷ സംഘങ്ങളുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇതില്‍ പങ്കാളികളായിരിക്കുന്ന എല്ലാ പാര്‍ട്ടകളോടും മിസ്തുര അഭ്യര്‍ഥിച്ചു. ഇതിനായി അമേരിക്ക റഷ്യ , യൂറോപ്യന്‍ യൂനിയന്‍, ഇറാന്‍, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവയുള്‍പ്പെട്ട ഇന്റര്‍നാഷണല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഉടനടി ആവശ്യമായത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ബശര്‍ അല്‍ അസദ് അധികാരത്തില്‍നിന്നും മാറിനിന്നുള്ള ഒരു രാഷ്ട്രീയ പരിഹാരമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ അസദ് വിഭാഗം ഇതിന് തയ്യാറാകാത്തതാണ് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം.

Latest