ഖത്വര്‍ ഗ്യാസിന്റെ മലിനജല ശുദ്ധീകരണ നിലയം യാഥാര്‍ഥ്യമായി

Posted on: April 20, 2016 6:18 pm | Last updated: April 20, 2016 at 8:29 pm
SHARE
മലിനജല ശുദ്ധീകരണ നിലയം
മലിനജല ശുദ്ധീകരണ നിലയം

ദോഹ: ഖത്വര്‍ ഗ്യാസിന്റെ ദ്രവീകൃത പ്രകൃതി വാതക പ്ലാന്റില്‍ മലിന ജല ശുദ്ധീകരണ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പ്രതിദിനം 1300 ക്യൂബിക് മീറ്റര്‍ മലിന ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള നിലയമാണ് ഖത്വര്‍ ഗ്യാസ് ഒന്ന് പ്ലാന്റില്‍ സംവിധാനിച്ചത്. മേഖലയിലെ പ്രകൃതി വാതക വ്യവസായത്തില്‍ ഇത്തരമൊരു സംവിധാനം ആദ്യമാണ്.
മെമ്പ്രന്‍സ് ബയോ റിയാക്ടര്‍ (എം ബി ആര്‍) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിലയം പ്രവര്‍ത്തിക്കുക. ജലസേനചന യോഗ്യമുള്ളതാക്കി പ്ലാന്റിലെ മലിനജലം മാറ്റുകയാണ് ചെയ്യുക. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇത് പുനരുപയോഗിക്കും. ഖത്വര്‍ ഗ്യാസിലെ സുശക്തമായ ടീമാണ് നിലയത്തിന്റെ രൂപകല്പന, സംഭരണം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഈ പദ്ധതി കാണിക്കുന്നതെന്ന് ഖത്വര്‍ ഗ്യാസ് സി ഒ ഒ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ താനി ചൂണ്ടിക്കാട്ടി. പരിസ്ഥിതി ആഘാതം കുറക്കുന്നതിനായി നിരവധി നിക്ഷേപങ്ങള്‍ ഈയടുത്ത് നടത്തിയതായും അദ്ദേഹം എടുത്തു പറഞ്ഞു.
മാലിന്യഘടകങ്ങളെ സ്വീകരിച്ച് ഇല്ലാതാക്കുന്നതിന് ബാക്ടീരിയല്‍ ബയോ റിയാക്ടറിന്റെ സംയുക്തമായാണ് മെമ്പ്രന്‍ ബയോ റിയാക്ടര്‍ പ്രവര്‍ത്തിക്കുക. 2008ല്‍ ആറുമാസം എം ബി ആര്‍ പ്ലാന്റിന്റെ പരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്ന് രൂപകല്പനയും പദ്ധതി നിര്‍വഹണ കരാറും അന്തിമമാക്കി 2011 മുതല്‍ 2015 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മലിന ജലത്തിലെ 95 ശതമാനത്തിലേറെ കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (സി ഒ ഡി), നൈട്രജന്‍ ഘടകങ്ങളെ ഒഴിവാക്കുന്നുണ്ട്. സാധാരണ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ജലശുദ്ധീകരണത്തേക്കാള്‍ മെച്ചപ്പെട്ട ഫലമാണ് ഇതിലൂടെ ലഭിക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. മലിനജല ശുദ്ധീകരണ നിലയം വ്യാപിപ്പിക്കാനുള്ള പദ്ധതിയും ഖത്വര്‍ ഗ്യാസിനുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here