മുന്‍സിഫ് മജിസ്‌ട്രേറ്റുകളിലെ നിയമനം: ഹൈക്കോടതിക്ക് സുപ്രീം കോടതി വിമര്‍ശം

Posted on: April 20, 2016 6:00 am | Last updated: April 20, 2016 at 12:06 am

ന്യൂഡല്‍ഹി: മുന്‍സിഫ് മജിസ്ട്രേറ്റുകളിലെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശം. ഇല്ലാത്ത ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അനുമതി നല്‍കിയ ഹൈക്കോടതിയുടെ നടപടിയെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. 2013ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ഹൈക്കോടതി നിയമനം നല്‍കിയിരുന്നു. ഇല്ലാത്ത ഒഴിവുകളിലേക്ക് നിയമനം നല്‍കിയതും മുഴുവന്‍ പേര്‍ക്കും പരിശീലനം നല്‍കിയതും എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് ചോദിച്ചു.
മുന്‍സിഫ് മജിസ്‌ട്രേറ്റുകളിലേക്കായി 2013ല്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന് 2014ല്‍ ഒഴിവുവന്ന 28 തസ്തികകളിലേക്ക് നിയമനം നടത്തിയ ഹൈക്കോടതിയുടെ നടപടിയെയാണ് സുപ്രീം കോടതി ചോദ്യംചെയ്തത്. വിജ്ഞാപനം നടത്താതെ നിയമനം നടത്തുന്ന രീതി ശരിയല്ല. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഹൈക്കോടതിയുടെ കഴിവുകേടിന് ബലിയാടാകേണ്ടി വന്നത് ഉദ്യോഗാര്‍ഥികളാണ്. ഭാവിയില്‍ വന്നേക്കാവുന്ന ഒഴിവുകളിലേക്ക് ഇപ്പോള്‍ തന്നെ നിയമനം നടത്തുന്നത് ശരിയല്ല. 2013 വരെ ഒഴിവുവന്ന 38 തസ്തികകളിലേക്ക് മാത്രം നിയമനം നടത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടു.
അതേസമയം, ഓരോ വര്‍ഷത്തിലും പരീക്ഷകള്‍ നടത്തി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പ്രയാസം സൃഷ്ടിക്കുമെന്നും ഈ ഉത്തരവില്‍ ഇളവ് വരുത്തണമെന്നും കേരളാ ഹൈക്കോടതിക്കു വേണ്ടി ഹാജരായ വി ഗിരി സൂപ്രീം കോടതിയെ അറിയിച്ചു. ഓരോ വര്‍ഷവും പരീക്ഷ നടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആളുകള്‍ക്ക് ഉത്തരവില്‍ മാറ്റംവരുത്തുന്നത് തടസ്സം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.