ദൃശ്യവിരുന്നിന് അരങ്ങൊരുങ്ങി; തൃശൂര്‍ പൂരാഘോഷ ലഹരിയില്‍

Posted on: April 17, 2016 10:45 am | Last updated: April 17, 2016 at 3:28 pm
SHARE

THRISSUR POORAMതൃശൂര്‍: നാദവര്‍ണ പ്രപഞ്ചം തീര്‍ത്ത് തൃശൂരില്‍ പൂരം കൊട്ടിക്കയറുന്നു. രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുര നടയിലേക്ക് എഴുന്നള്ളിയതോടെ പൂരം ചടങ്ങുകള്‍ക്കു തുടക്കമായി. ഘടക പൂരങ്ങളുടെ വടക്കുംനാഥ സന്നിധിയിലേക്കുള്ള എഴുന്നള്ളത്ത് കഴിഞ്ഞതോടെ പാറമേക്കാവിന്റെ ചെമ്പടയും പാണ്ടിമേളവും അരങ്ങേറി. കണിമംഗലം ശാസ്താവാണ് ചെറുപൂരങ്ങളില്‍ ആദ്യമെത്തിയത്. പിന്നീടു കാരമുക്ക് ഭഗവതി, അയ്യന്തോള്‍ കാര്‍ത്യായനി, പനമുക്കുംപിള്ളി ധര്‍മശാസ്ത, ലാലൂര്‍ കാര്‍ത്യായനി, ചൂരക്കോട്ട്കാവ് ഭഗവതി, ചെമ്പൂക്കാവ് കാര്‍ത്യായനി, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി എന്നീ ഘടകപൂരങ്ങളുമെത്തി.

രണ്ടരയോടെ പ്രശസ്തമായ ഇലഞ്ഞിത്തറമേളം ആരംഭിച്ചു. പെരുവനം കുട്ടന്മാരാണ് ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണി. ഇരു വിഭാഗവും മേളം പൂര്‍ത്തിയാക്കി തെക്കേ ഗോപുരം ഇറങ്ങി മുഖാമുഖം അണിനിരന്നാല്‍ കുടമാറ്റമായി. ഭഗവതിമാരുടെ കൂടിക്കാഴ്ചയോടെ പകല്‍ പൂരത്തിന് സമാപനമാകും. പിന്നീടാണ് വര്‍ണ വിസ്മയം വിരിയിക്കുന്ന കരിമരുന്ന് പ്രയോഗവും ശബ്ദ വൈവിധ്യത്തിന്റെ വെടിക്കെട്ടും നടക്കുക. നാളെ രാവിലെ വീണ്ടും പൂരത്തിലേക്ക് നാടുണരും. ഉച്ചക്ക് 12ഓടെ വടക്കുംനാഥ ശ്രീമൂല സ്ഥാനത്തെ വിടചൊല്ലലൂടെ പൂരത്തിന് സമാപനമാകും.

കൊല്ലത്തെ പരവൂരിലുണ്ടായ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കയും അനിശ്ചിതത്വവും ഒഴിഞ്ഞതോടെ നഗരം പൂരാഘോഷത്തിന്റെ ലഹരിയിലായി. പൂരപ്പന്തലുകള്‍ക്ക് ചുറ്റിലും ടൗണിലും മറ്റുമായുള്ള ദീപാലങ്കാരങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ നഗരത്തിലാകെ വെളിച്ചത്തിന്റെ പൂരം തീര്‍ത്തു. ഇന്ന് പുലര്‍ച്ചെ വടക്കുംനാഥ ക്ഷേത്രത്തില്‍ ആചാര വെടി മുഴങ്ങുന്നതോടെ പൂരക്കാഴ്ചക്ക് ആരംഭമായി. 36 മണിക്കൂര്‍ നീളുന്ന മേളപ്പെരുക്കവും കുടമാറ്റവും വെടിക്കെട്ടും നഗരത്തെ ആഘോഷത്തിലാഴ്ത്തുമ്പോള്‍ ആസ്വദിക്കാന്‍ ജനലക്ഷങ്ങളാണ്‌നഗരത്തിലേക്ക് പ്രവഹിക്കുന്നത്‌

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തോടെ നിയന്ത്രണങ്ങള്‍ക്കായി ഉയര്‍ന്ന വാദപ്രതിവാദങ്ങള്‍ ഇത്തവണ പൂരം നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലാക്കുമെന്ന് വ്യാപക ആശങ്കയുയര്‍ത്തിയിരുന്നു. പകല്‍ വെടിക്കെട്ടിന് കോടതി നിരോധനമേര്‍പ്പെടുത്തുകയും വനം വകുപ്പ് ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം പ്രഖ്യാപിച്ചതോടെ പ്രതിഷേധ സൂചകമായി ഈ വര്‍ഷത്തെ പൂരം ചടങ്ങിലൊതുക്കുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് കോടതിയും സര്‍ക്കാറും അനുകൂല നിലപാടെടുത്തതോടെയാണ് പൂര്‍ണ നിറവോടെയുള്ള പൂര വിരുന്നിന് അരങ്ങൊരുങ്ങിയത്.

അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തു കഴിഞ്ഞതായി തൃശൂര്‍ ജില്ലാ കലക്ടര്‍ വി രതീശനും പോലീസ് കമ്മീഷണര്‍ കെ ജി സൈമണും അറിയിച്ചു. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളും വെടിക്കെട്ടിന് പരിശോധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും പോലീസും ഫയര്‍ഫോഴ്‌സും വനം വകുപ്പും എക്‌സ്‌പ്ലൊസീവ് വിഭാഗവുമെല്ലാം നിതാന്ത ജാഗ്രതയോടെയാണ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here