ഖത്വര്‍ സ്റ്റീല്‍ കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത് പത്ത് ലക്ഷം ടണ്‍ നിര്‍മാണ കമ്പി

Posted on: April 11, 2016 10:24 pm | Last updated: April 11, 2016 at 10:24 pm
SHARE

ദോഹ: പത്ത് ലക്ഷം ടണ്ണിലേറെ റിബാര്‍ ഉത്പാദിപ്പിച്ചെന്ന നാഴികക്കല്ല് പിന്നിട്ട് മിഡില്‍ ഈസ്റ്റിലെ മുന്‍നിര ഉരുക്ക് നിര്‍മാതാക്കളായ ഖത്വര്‍ സ്റ്റീല്‍. കമ്പനിയുടെ അത്യാധുനിക ആര്‍ എം 2 മില്ലില്‍ നിന്നാണ് ഇത്രയും റിബാര്‍ നിര്‍മിച്ചത്.
എട്ട് മുതല്‍ 40 വരെ എം എം വരുന്ന ഏഴ് ലക്ഷം ടണ്‍ റിബാര്‍ വര്‍ഷം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് 2007 കമ്മീഷന്‍ ചെയ്ത മില്ലിനുള്ളത്. പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം മറികടക്കാന്‍ സാധിക്കുകയും 2015ലെ ഉത്പാദനം പത്ത് ലക്ഷം ടണ്‍ കടന്നെന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു. ലക്ഷ്യമിട്ടതിനേക്കാള്‍ 44 ശതമാനം അധികമാണിത്.
സുരക്ഷ, സുസ്ഥിര മേഖലകളില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാകാതെ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ പുറത്തെത്തിക്കുന്നതിന് അതിനൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്നതിന് അതീവശ്രദ്ധയാണ് ഖത്വര്‍ സ്റ്റീല്‍ പുലര്‍ത്തുന്നതെന്ന് ഖത്വര്‍ സ്റ്റീല്‍ ഡയറക്ടറും ജനറല്‍ മാനേജറുമായ അലി ബിന്‍ ഹസന്‍ അല്‍ മുറൈഖി പറഞ്ഞു.
ഊര്‍ജോപയോഗം കുറക്കുന്നതിനും മാലിന്യം പുനരുത്പാദിപ്പിക്കാനും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കുന്നതിനും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ വിതരണക്കാരായ പ്രൈംടാല്‍സുമായി ചേര്‍ന്ന് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചിരുന്നു. 2005 മുതലാണ് പ്രൈംടാല്‍സുമായി കരാറിലെത്തിയത്.