അമിതവണ്ണം; നൂറുകണക്കിനാളുകള്‍ പടികയറി

Posted on: April 10, 2016 6:56 pm | Last updated: April 10, 2016 at 6:56 pm
SHARE

FATദുബൈ: രാജ്യം നേരിടുന്ന പ്രധാന ആരോഗ്യ ഭീഷണികളില്‍ ഒന്നായ അമിതവണ്ണത്തിനെതിരെയുള്ള ബോധനവത്ക്കരണത്തിന്റെ ഭാഗമായി ദുബൈയില്‍ പടികയറിയത് ആയിരങ്ങള്‍. അമിതവണ്ണത്തെ ചെറുക്കാനുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ് അല്‍ ജലീല ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പടികയറല്‍ യജ്ഞം സംഘടിപ്പിച്ചത്. എമിറേറ്റ്‌സ് ടവേഴ്‌സിന്റെ 52 നിലകളിലായുള്ള 1,334 പടികളാണ് യജ്ഞത്തില്‍ പങ്കെടുത്തവര്‍ കയറിയത്. ജലീല ഫൗണ്ടേഷന്റെ, അമിതവണ്ണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യു എ ഇ ജനസംഖ്യയില്‍ പകുതിയോളം വരുന്ന 48 ലക്ഷം പേരും അമിതവണ്ണക്കാരാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതാണ് ഇത്തരം ഒരു പരിപാടിയുമായി മുന്നോട്ടു പോകാന്‍ സംഘാടകര്‍ക്ക് പ്രചോദനം. വര്‍ഷങ്ങളായി നടത്തുന്ന പടികയറല്‍ മത്സരത്തിലൂടെ ഇതുവരെ 6.15 ലക്ഷം ദിര്‍ഹം സ്വരൂപിക്കാന്‍ സാധിച്ചതായി സംഘാടകര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ 363 പേരാണ് പങ്കാളികളായത്. കഴിഞ്ഞ 14 വര്‍ഷത്തെ പടികയറല്‍ പരിപാടിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കാളികളായതും ഈ വര്‍ഷമാണ്.
പോളണ്ടില്‍ നിന്നുള്ള ഓട്ടക്കാരനായ പിയോട്ര് ലബോഡ്‌സിനിസ്‌കി ഏഴു മിനുട്ടും 18 സെക്കന്റുമെടുത്ത് 265 മീറ്റര്‍ പടികള്‍ കയറി പുതിയ റെക്കാര്‍ഡ് കുറിച്ചു. കഴിഞ്ഞ വര്‍ഷത്തെ സ്വന്തം റെക്കാര്‍ഡാണ് ഇദ്ദേഹം തിരുത്തിയത്. പലരും 20 മിനുട്ടോളം എടുത്താണ് ലക്ഷ്യത്തിലെത്തിയത്. പോളിഷ് തലസ്ഥാനമായ വാര്‍സോവിലെ മ്യൂസിയം ഓഫ് പോളിഷ് ഹിസ്റ്ററിയിലെ ജീവനക്കാരനാണ് 30 കാരനായ ഇദ്ദേഹം. വനിതകളുടെ വിഭാഗത്തില്‍ ഓസ്‌ട്രേലിയയില്‍ എക്കൗണ്ടന്റായി ജോലി ചെയ്യുന്ന സൂസി വല്‍ഷാം ഒന്നാമതെത്തി. എട്ടു മിനുട്ടും 30 സെക്കന്റും എടുത്താണ് മുന്‍ ഓട്ടക്കാരിയയായ ഇവര്‍ ഒന്നാമതെത്തിയത്. ലോകത്തിന്റെ ഏത് ഭാഗത്ത് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിച്ചാലും പങ്കെടുക്കാറുണ്ടെന്ന് വിജയം നേടിയ ശേഷം അവര്‍ വ്യക്തമാക്കി. സ്ത്രീകളില്‍ പലരും ശരാശരി 12 മിനുട്ടിനിടയിലാണ് ലക്ഷ്യത്തിലെത്തിയത്. നഗരത്തിലെ താമസ്‌ക്കാരും രാജ്യാന്തര നിലവാരമുള്ള കായിക താരങ്ങളും കോര്‍പറേറ്റ് സംഘങ്ങളുമെല്ലാം ഇതില്‍ ഭാഗവാക്കായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here