പുത്രന് സീറ്റൊരുക്കി ‘കുഞ്ഞാക്ക’ പടിയിറങ്ങുന്നു

Posted on: April 5, 2016 4:44 am | Last updated: April 4, 2016 at 11:46 pm
SHARE

aryadan-muhammedകേരള രാഷ്ട്രീയത്തിലെ ചാണക്യന്‍ ആര്യാടന്‍ മുഹമ്മദ് രാഷ്ട്രീയ കളിക്കളത്തില്‍ നിന്ന് വിരമിക്കുകയാണ്. 80 വയസ്സ് കഴിഞ്ഞതിനാല്‍ ഇനിയൊരു അങ്കത്തിന് ആഗ്രഹമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പകരം തന്റെ കുത്തക മണ്ഡലമായ നിലമ്പൂര്‍ മകനെ കൈ പിടിച്ച് ഏല്‍പ്പിക്കാന്‍ അദ്ദേഹം മറന്നിട്ടില്ല. കോണ്‍ഗ്രസിലെ കരുത്തനായ നേതാവാണ് മലപ്പുറത്തുകാരുടെ ‘കുഞ്ഞാക്ക’.
ആരോപണങ്ങളില്‍ അടി പതറാതെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. മലപ്പുറത്ത് ലീഗ് കോട്ടയില്‍ കോണ്‍ഗ്രസിന് ഇടം കണ്ടെത്തിയത് കുഞ്ഞാക്കയുടെ പ്രവര്‍ത്തന ഫലമായിട്ടാണ്. കിട്ടുന്ന വേദികളിലെല്ലാം ലീഗിനെ നിശിതമായി വിമര്‍ശം നടത്തും. ഇതിനാല്‍ ലീഗുകാരുടെ കണ്ണിലെ കരടാണ് ആര്യാടന്‍. നിയമസഭാ മത്സരങ്ങളില്‍ തോല്‍വിയില്‍ നിന്ന് തുടങ്ങിയതാണ് ആര്യാടന്റെ രാഷ്ട്രീയ കളിക്കളം. ആദ്യത്തെ രണ്ട് തവണ മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം.
എന്നാല്‍ ഈ തോല്‍വികളിലൊന്നും ആര്യാടന്‍ അടിപതറാതെ ഉറച്ച് നിന്നു. പത്താം ക്ലാസ് മുതല്‍ തുടങ്ങിയതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. 1954ല്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. മലയോര മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തന ഗോദയിലേക്കിറങ്ങുന്നത്. 1965ല്‍ 30-ാമത്തെ വയസ്സിലാണ് ആദ്യമായി നിയമസഭയിലേക്ക് അങ്കത്തിനിറങ്ങിയത്. തിരിച്ചടിയായിരുന്ന ഫലം. പിന്നീട് 1967ലും മത്സരിച്ചെങ്കിലും പരാജയം തന്നെ ഏറ്റുവാങ്ങി. സഖാവ് കുഞ്ഞാലി വധക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് പത്ത് വര്‍ഷം മത്സരത്തില്‍ നിന്ന് വിട്ട് നിന്നു.
തുടര്‍ന്ന് 1977 ല്‍ വിജയവുമായി തുടക്കം. 1979ല്‍ അഖിലേന്ത്യാ തലത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമൊപ്പം ആര്യാടന്‍ മുഹമ്മദ് ഇടതുപക്ഷത്തേക്കും ചാഞ്ഞു. 1980 ല്‍ പൊന്നാനി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യോ സെക്രട്ടറിയായിരുന്ന ജി എം ബനാത്ത് വാലക്കെതിരെ മത്സരിച്ചു. 54,000 വോട്ടുകള്‍ക്ക് ബനാത്ത് വാലയോട് ആര്യാടന്‍ കീഴടങ്ങി.
സഖാവ് കുഞ്ഞാലിയുടെ കൊലയാളിയെന്ന് വിളിച്ച നിലമ്പൂരിലെ സഖാക്കള്‍ 1980 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്യാടനെ വിജയിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ മുല്ലപ്പളിയെ 17,401 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ തോല്‍പ്പിച്ചത്. ഇ കെ നായനാര്‍ മന്ത്രി സഭയില്‍ വനം തൊഴില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു.
1981 ല്‍ ഡിസംബറില്‍ ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷം വിട്ട് യു ഡി എഫില്‍ തിരിച്ചെത്തിയതോടെ ആര്യാടനും ഇടതിനോട് വിടപറഞ്ഞു. 1982 ല്‍ നടന്ന മത്സരത്തില്‍ ഇടത് സ്വതന്ത്രനായി രംഗത്ത് വന്ന ഡി സി സി പ്രസിഡന്റായിരുന്ന ടി കെ ഹംസയോടെയാണ് തോല്‍വി ഏറ്റുവാങ്ങിയത്. പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ തോല്‍വി രുചിട്ടില്ല. തുടര്‍ന്നുള്ള നിയമസഭാ മത്സരങ്ങളിലെല്ലാം അദ്ദേഹം വിജയ യാത്ര തുടര്‍ന്നു.
നിലമ്പൂര്‍ അദ്ദേഹത്തിന് സുരക്ഷിത മണ്ഡലമായി മാറുകയും കേരള രാഷ്ട്രീയത്തിലെ കരുത്തനായി വളരുകയും ചെയ്തു. ഒമ്പതാം നിയമസഭയില്‍ എ കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ ടൂറിസം മന്ത്രിയായി. 2004, 2011 ലും ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭാ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്നു. ഇക്കാലത്ത് ആര്യാടനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ അനൈക്യമുണ്ടായെങ്കിലും രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് മത്സരിക്കാന്‍ ടിക്കറ്റെടുത്ത് നല്‍കിയാണ് ഉമ്മന്‍ചാണ്ടി യാത്രയാക്കുന്നത്.
രാഷ്ട്രീയത്തിന് അവധി നല്‍കി വിശ്രമ ജീവിതവുമായി ഒതുങ്ങാന്‍ നിലമ്പൂരിലെ ജനങ്ങളുടെ സ്വന്തം കുഞ്ഞാക്ക ഒരുക്കമല്ല, പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ അദ്ദേഹത്തിന് ഒട്ടും സംശയമില്ല, ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്ത യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ ആര്യാടന്‍ സിറാജിനോട് പങ്കുവെച്ചു.