ഉരുട്ടിക്കൊലക്കേസ്: ഉദയകുമാറിന്റെ അമ്മയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കാന്‍ ഹൈക്കോടതി വിധി

Posted on: March 31, 2016 6:52 pm | Last updated: April 1, 2016 at 8:43 am

high courtകൊച്ചി: ഉരുട്ടിക്കൊലക്കേസില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഉദയകുമാറിന്റെ അമ്മയായ പ്രഭാവതിക്ക് പത്തുലക്ഷം രൂപ ഒരു മാസത്തിനുളളില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേസിലെ പ്രതികളായ സാബു, അജിത് കുമാര്‍ എന്നിവര്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മയും കക്ഷി ചേര്‍ന്നു. കേസ് പരിഗണിക്കുമ്പോഴാണ് ഉദയകുമാറിന്റെ അമ്മ തന്റെ സങ്കടങ്ങള്‍ കോടതിയെ അറിയിച്ചത്. വിചാരണ മനപൂര്‍വം വൈകിക്കുകയാണെന്നും, പ്രായമായ തനിക്ക് ധാരാളം മാനസിക പ്രശ്‌നങ്ങളുണ്ടെന്നും എത്രയും വേഗം കേസ് തീര്‍പ്പാക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് കോടതി പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. കേസില്‍ പ്രതികളായ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അവരുടെ ശമ്പളത്തില്‍നിന്ന് ഈ തുക ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2005 സെപ്റ്റംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്‌കുമാറിനെയും തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നാണ് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഉദയകുമാറിനെ കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.