Connect with us

Kerala

കരുണ എസ്റ്റേറ്റ്: കരം സ്വീകരിക്കാന്‍ തീരുമാനിച്ചത് നിയമോപദേശം മറികടന്ന്

Published

|

Last Updated

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റില്‍ പോബ്‌സണ്‍ ഗ്രൂപ്പില്‍നിന്ന് കരം സ്വീകരിക്കാന്‍ തീരുമാനിച്ചത് നിയമോപദേശം മറികടന്ന്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റവന്യൂ മന്ത്രി അടൂര്‍പ്രകാശും വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ പങ്കെടുത്ത റവന്യൂ വകുപ്പിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ഭട്ട് സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു. കരം സ്വീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വലിയ തിരിച്ചടിയുണ്ടാക്കുമെന്നായിരുന്നു സുശീല ഭട്ട് നല്‍കിയ മുന്നറിപ്പ്. സര്‍ക്കാര്‍ അഭിഭാഷകയുടെ എതിര്‍പ്പ് അവഗണിച്ചാണ് അഡ്വ. ജനറലില്‍നിന്ന് നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

സര്‍ക്കാര്‍ തീരുമാനത്തെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറും ഹൈക്കോടതിയില്‍ റവന്യൂ കേസുകള്‍ വാദിക്കുകയും ചെയ്യുന്ന സുശീല ഭട്ടും അനുകൂലിച്ചുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിനെ സുശീല ഭട്ട് ശക്തമായി എതിര്‍ത്തിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കരുണ വിഷയത്തില്‍ റവന്യൂസെക്രട്ടറി ബിശ്വാസ് മേത്ത എ ജിയുടെ ഉപദേശം തേടി അയച്ച കത്തിലാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗത്തില്‍ ഉത്തരവിനെ സുശീല ഭട്ട് എതിര്‍ത്ത കാര്യം വ്യക്തമാക്കുന്നത്. പോബ്‌സണ്‍ ഗ്രൂപ്പില്‍ നിന്ന് കരമീടാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വിവാദമായപ്പോഴാണ് കഴിഞ്ഞ 14ന് മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചത്. കരുണക്ക് അനുകൂലമായ ഉത്തരവ് ഹൈക്കോടതിലെ കേസുകളില്‍ തിരിച്ചടിയുണ്ടാകുമെന്നതിനാല്‍ പിന്‍വലിക്കണമെന്നായിരുന്നു സുശീല ഭട്ടിന്റെ ആവശ്യം. ഇത് തള്ളിയാണ് എജിയുടെ ഉപദേശം തേടിയത്. മാത്രമല്ല, റവന്യവകുപ്പ് ഉത്തരവ് ഇറക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അഭിഭാഷകരില്‍നിന്ന് ഒരു ഉപദേശവും വാങ്ങിയില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

അതേസമയം, കരുണയില്‍ സര്‍ക്കാര്‍ ഭൂമിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റവന്യൂസെക്രട്ടറി. അഡ്വക്കറ്റ് ജനറലിന് അയച്ച കത്തിലാണ് കരുണയില്‍ വനഭൂമിയോ സര്‍ക്കാര്‍ ഭൂമിയോ ഇല്ലെന്ന വാദം റവന്യൂസെക്രട്ടറി ആവര്‍ത്തിച്ചത്. ഉത്തരവ് റദ്ദാക്കേണ്ട സാഹചര്യം ഇല്ലെന്നാണ് റവന്യൂ സെക്രട്ടറിയുടെ നിലപാട്. കരുണ എസ്‌റ്റേറ്റ് വിവാദം കത്തിനില്‍ക്കുന്നതിനിടെ കഴിഞ്ഞ 15ന് നിയമോപദേശം തേടി റവന്യൂ സെക്രട്ടറി അഡ്വക്കറ്റ് ജനറലിന് കത്തയച്ചിരുന്നു. കരുണ എസ്‌റ്റേറ്റ് സ്വകാര്യഭൂമി ആണെന്നാണ് റവന്യൂസെക്രട്ടറിയുടെ നിലപാട്. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനോ വനംവകുപ്പിനോ അവകാശവാദമുന്നയിക്കാന്‍ കഴിയില്ലെന്നാണ് റവന്യൂസെക്രട്ടറിയുടെ പക്ഷം.
അതിനാല്‍തന്നെ പോബ്‌സണ്‍ ഗ്രൂപ്പില്‍നിന്നും കരം സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും ബിശ്വാസ് മേത്ത ഉറപ്പിച്ച് പറയുന്നു. പോബ്‌സണ് കരമടക്കാന്‍ ഏതു വിധേനയും അനുമതി നല്‍കണമെന്ന് റവന്യൂസെക്രട്ടറി നിലപാട് എടുക്കുന്നത്്.
ഇക്കാര്യത്തില്‍ എന്ത് പുതിയ രേഖകളാണ് ലഭിച്ചതെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കുന്നതുമില്ല.