കടലാമകള്‍ക്ക് മുട്ടയിടുന്നതിന് കൂടൊരുക്കി

Posted on: March 29, 2016 9:49 pm | Last updated: March 29, 2016 at 9:49 pm

turtleദോഹ: ഹോക്‌സ്ബില്‍ കടലാമകള്‍ക്ക് മുട്ടയിടുന്നതിന് കൂടൊരുക്കി നാകിലാത് കമ്പനിയിലെ ജീവനക്കാര്‍. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ വടക്കന്‍ കടല്‍ തീരമാണ് വൃത്തിയാക്കുകയും ആമകള്‍ക്ക് മുട്ടയിടുന്നതിന് വേണ്ടി കൂടൊരൂക്കുകയും ചെയ്തത്. വംശനാശ ഭീഷണി നേരിടുന്ന ഹോക്‌സ്ബില്‍ കടലാമകളുടെ പ്രജനന കാലയളവിന് മുന്നോടിയായാണ് നാകിലാതിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
നാകിലാത്, നാകിലാത് കെപ്പെല്‍ ഓഫ്‌ഷോര്‍ ആന്‍ഡ് മറൈന്‍, നാകിലാത് ദാമിന്‍ ഷിപ്‌യാര്‍ഡ് ഖത്വര്‍ എന്നീ കമ്പനികളിലെ 250 സന്നദ്ധപ്രവര്‍ത്തകരാണ് കടല്‍ത്തീരം വൃത്തിയാക്കലില്‍ പങ്കാളികളായത്. ആഴക്കടലിന് പകരം കടല്‍ തീരങ്ങളിലാണ് ഹോക്‌സ്ബില്‍ ആമകള്‍ മുട്ടയിടാറുള്ളത്. മറ്റ് കടലാമകളെ അപേക്ഷിച്ച് വലുപ്പം കൂടുതല്‍ ഇവക്കില്ലെങ്കിലും 114 സെന്റിമീറ്റര്‍ വരെ വളരും. 68 കിലോഗ്രാമാണ് ഭാരം. മുപ്പത് മുതല്‍ അമ്പത് വരെ വര്‍ഷമാണ് ശരാശരി പ്രായമുണ്ടാകുക. ഹോക്‌സിബില്‍ ആമകള്‍ക്ക് ജീവിക്കുന്നതിനും പ്രജനനത്തിനും സുസ്ഥിര അന്തരീക്ഷം സൃഷ്ടിക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കലും ഉത്തരവാദിത്വമായി കാണുന്നതിനാലാണ് ഈ ശുചീകരണപ്രവര്‍ത്തനങ്ങളെന്നും നാകിലാതിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.