ഗവര്‍ണര്‍ ചട്ടുകമാകരുത്

Posted on: March 29, 2016 6:00 am | Last updated: March 29, 2016 at 12:13 am

SIRAJ.......ജനാധിപത്യത്തിന്റെ കശാപ്പാണ് ഉത്തരാഖണ്ഡില്‍ നടന്നത്. ഭരണകക്ഷി എം എല്‍ എമാരുടെ കൂറുമാറ്റം ഭൂരിപക്ഷത്തെ ബാധിക്കുമ്പോള്‍ സര്‍ക്കാറിനെ പിരിച്ചുവിടാറുണ്ടെങ്കിലും അതിന് മുമ്പ് ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് അവസരം നല്‍കുന്നതാണ് ന്യായവും കീഴ്‌വഴക്കവും. ഇതനുസരിച്ച് ഉത്തരാഖണ്ഡിലും റാവത്ത് സര്‍ക്കാറിന് ഇന്നലെ വശ്വാസ വോട്ടിന് അവസരം നല്‍കിയതായിരുന്നു. എന്നാല്‍ അതിന് മണിക്കൂറുകള്‍ മുമ്പ് ഗവര്‍ണര്‍ കെ കെ പോള്‍ നിലപാട് മാറ്റുകയും സംസ്ഥാനത്ത് കടുത്ത ഭരണപ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാറിനെ പിരിച്ചു വിടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കുകയുമായിരുന്നു. തദടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശ ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം രാഷ്ട്രപതി അംഗീകരിച്ചു. വിശ്വാസ വോട്ടെടുപ്പിന് അവസരം നല്‍കിയ ശേഷം അതിന് കാത്തു നില്‍ക്കാതെ സര്‍ക്കാറിനെ നാടകീയമായി പുറത്താക്കുന്ന സംഭവം രാജ്യത്ത് ഇതാദ്യമാണ്.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ ഒമ്പത് എം എല്‍ എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നപടിയാണ് കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. വിമത എം എല്‍ എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പറ്റാതെ വന്നതോടെ റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനുള്ള സാധ്യത തെളിഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാല്‍ റാവത്ത് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഉത്തരാഖണ്ഡില്‍ കേന്ദ്രം ഇതുവരെ നടത്തിയ കരുനീക്കങ്ങളെല്ലാം വൃഥാവിലാകും. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച അര്‍ധരാത്രി കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതിന് തുരുപ്പ് ശീട്ടെന്നാണം സംസ്ഥാനത്ത് കടുത്ത ഭരണപ്രതിസന്ധി നിലനില്‍ക്കുന്നതായി ഗവര്‍ണറെ കൊണ്ട് റിപ്പോര്‍ട്ട് വാങ്ങിക്കുകയും ചെയ്തു. ഹരീഷ് റാവത്ത് വിമത എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളിക്യാമറ ദൃശ്യം പുറത്തുവന്നതും കേന്ദ്രത്തിന് തുണയായി.
തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളുമായി പൊരുത്തപ്പെടാത്ത സര്‍ക്കാറുകള്‍ സംസ്ഥാനങ്ങളിലുണ്ടാകരുതെന്ന ബി ജെ പിയുടെ കുടുസ്സായ കക്ഷിരാഷ്ട്രീയ മനഃസ്ഥിതിയാണ് ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാറിനെ വക്രമായ മാര്‍ഗത്തിലൂടെ പുറത്താക്കിയ സംഭവത്തിന് പിന്നില്‍. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഫെഡറല്‍ സ്വഭാവത്തെ തകിടം മറിക്കുന്ന സംഭവമാണിത്. കേന്ദ്രത്തിന്റെ രാഷ്ട്രീയ കളിക്ക് പുറമെ ഗവര്‍ണര്‍ പദവിയുടെയും 356ാം വകുപ്പിന്റെയും ദുരുപയോഗവും ഉത്തരാഖണ്ഡ് സംഭവത്തില്‍ മുഴച്ചുകാണാകുന്നതാണ്. ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞയോടെ പദവിയിലേറി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള കണ്ണി എന്ന നിലയില്‍ വര്‍ത്തിക്കേണ്ട ഗവര്‍ണര്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ വഷളാക്കുകയാണിവിടെ ചെയ്തത്. കൂറുമാറ്റവും ഭരണ പ്രതിസന്ധിയും ഉടലെടുക്കുമ്പോള്‍ സംസ്ഥാനങ്ങളില്‍ തന്റെ വിവേചനാധികാരം പ്രയോഗിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമുണ്ടെങ്കിലും അത് ഭരണഘടനാനുസൃതമായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ ആ തത്വം വിസ്മരിച്ചു കേന്ദ്ര സര്‍ക്കാറിന്റെ ഇംഗിതത്തിന് വഴങ്ങുകയായിരുന്നു ഗവര്‍ണര്‍ കെ കെ പോള്‍. അല്ലെങ്കിലും രാജ്യത്ത് നിലവിലുള്ള രഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശാനുസരണം രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന ഗവര്‍ണര്‍മാര്‍ക്ക് കേന്ദ്രത്തിന്റെ ചട്ടുകമായല്ലാതെ സ്വതന്ത്രമായി പ്രവത്തിക്കാനും മനഃസാക്ഷി പൊരുത്തപ്പെടുന്ന വിധം വിവേചാധികാരം പ്രയോഗിക്കാനുമാകില്ല. കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ മാനിക്കാതെ ഒരു ഗവര്‍ണര്‍ക്കും അധികാരത്തില്‍ തുടരാനാകില്ല.
ഗവര്‍ണര്‍മാരുടെ ഈ ദയനീയവസ്ഥ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയും അവര്‍ക്ക് കൂടുതല്‍ അധികാരത്തോടെ പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ കമ്മീഷനുകളെ നിയമിക്കുകയും ചെയ്തിരുന്നു. ഇതനുരിച്ചു സര്‍ക്കാരിയ കമ്മീഷന്‍ ഗവര്‍ണര്‍ നിയമനത്തിന് നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളായിരിക്കണം, നിയമനത്തിന് കുറച്ചു കാലം മുമ്പെങ്കിലും സജീവ രാഷ്ട്രീയം വിട്ടിരിക്കണം, സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളുമായി അടുത്ത ബന്ധം അരുത്, മുഖ്യമന്ത്രി, ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍ എന്നിവരുമായി ആലോചിച്ചു മാത്രമേ നിയമിക്കാവൂ തുടങ്ങി പലതും പാലിക്കപ്പെടാറില്ല. സംസ്ഥാന ഭരണത്തില്‍ എതിര്‍ കക്ഷികള്‍ വരുമ്പോള്‍ അവര്‍ക്കെതിരെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ യോഗ്യനായിരിക്കണമെന്ന നിബന്ധന മത്രമാണ് നിലവില്‍ പരിഗണിക്കുന്നത്.
ഭരണ ഘടനാ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളിലും രാഷ്ട്രീയ കാര്യങ്ങളില്‍ ഗവര്‍ണര്‍ നിഷ്പക്ഷത കൈക്കൊള്ളേണ്ടതിന്റെ അനിവാര്യതയും കേന്ദ്ര ഭരണകക്ഷിയുടെ ഇംഗിതാനുസരണം ചലിക്കേണ്ട ഒന്നല്ല ഈ പദവിയെന്നും ചൂണ്ടിക്കാട്ടിയതാണ്. ഇത് സാധ്യമാകണമെങ്കില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഗവര്‍ണര്‍ തിരഞ്ഞെടുപ്പെന്ന നിര്‍ദേശവും ഉയര്‍ന്നു വന്നിരുന്നു. എങ്കിലും നിയമനാധികാരം രാഷ്ട്രപതിക്ക് വിട്ടുകൊടുക്കാനായിരുന്നു അസംബ്ലിയുടെ അന്തിമ തീരുമാനം. ഗവര്‍ണര്‍മാര്‍ കേവലം കേന്ദ്രഭരണ കക്ഷിയുടെ ചട്ടുകമായി തരംതാഴുന്ന ദയനീയാവസ്ഥ കാണുമ്പോള്‍ പ്രായപൂര്‍ത്തി വോട്ടവകാശമായിരിക്കണം നിയമനത്തിന് മാനദണ്ഡമെന്ന വീക്ഷണത്തിന് പ്രസക്തി വര്‍ധിക്കുകയാണ്.