പ്രവാസികള്‍ക്ക് നാടുചുറ്റാന്‍ ഇന്റര്‍സിറ്റി ബസുകള്‍

Posted on: March 28, 2016 10:01 pm | Last updated: March 30, 2016 at 7:56 pm

busദോഹ: ഈയടുത്ത് മുവാസലാത് അവതരിപ്പിച്ച ദീര്‍ഘദൂര ഇന്റര്‍സിറ്റി ബസ് സര്‍വീസ് താഴന്ന വരുമാനക്കാരായ പ്രവാസികള്‍ക്കും ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കും അനുഗ്രഹമാകുന്നു. ഖത്വറിലെ ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ബസുകള്‍ നിരത്തിലറക്കിയത്.
അല്‍ റുവൈസ്, അല്‍ ദഖീറ, ദുഖാന്‍, അബു സംറ, ഉം ഗര്‍ന് ഗ്രാമം, അല്‍ ഖീസ, അല്‍ ഖോര്‍, അബു നഖ്‌ല തുടങ്ങിയയിടങ്ങളിലേക്ക് കുടുംബങ്ങളടക്കം നിരവധി പേരാണ് യാത്ര ചെയ്യാന്‍ മുന്നോട്ടുവരുന്നതെന്ന് ദോഹയിലെ അല്‍ ഗാനിം ബസ് ടെര്‍മിനലിലെ ഡ്രൈവര്‍മാര്‍ പറഞ്ഞതായി ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ചില പ്രധാന റൂട്ടുകളില്‍ കഴിഞ്ഞ മാസമാണ് ഈ ബസുകള്‍ നിരത്തിലിറക്കിയത്. ആംറെസ്റ്റോട് കൂടിയ ലക്ഷ്വറി സീറ്റുകള്‍, പ്രത്യേകം ലഗ്ഗേജ് സൗകര്യങ്ങള്‍, ബസ് സ്റ്റോപ് അനൗണ്‍സ്‌മെന്റ്, സുരക്ഷാ ഡിസ്‌പ്ലേ തുടങ്ങിയവയാണ് ബസിലെ സൗകര്യങ്ങള്‍. ഈ ബസുകളുടെ ഷെഡ്യൂള്‍ സംബന്ധിച്ച് നിരവധി പേര്‍ അന്വേഷിക്കുന്നുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ബുക്കിംഗ് സംബന്ധിച്ചും വിളികള്‍ വരുന്നുണ്ട്. ഖത്വറിനെ കുറിച്ചറിയാനുള്ള ആഗ്രഹത്തോടെ പ്രവാസികള്‍ കൂട്ടത്തോടെ ഈ ബസുകളെ ആശ്രയിക്കുന്നുണ്ട്.
അല്‍ ഗാനിം ബസ് ടെര്‍മിനലില്‍ നിന്ന് ലേബര്‍ സിറ്റിയിലൂടെ പോകുന്ന ബസ് തൊഴിലാളികള്‍ക്ക് അവധിദിവസം മികച്ച യാത്രാനുഭവം നല്‍കുന്നതാണ്. ഈ ബസ് അല്‍ സുബറ, ബര്‍സാന്‍ ടവര്‍, ഉം സലാല്‍ മുഹമ്മദ് ഫോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നതാണ്. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള നിരവധി തൊഴിലാളികള്‍ക്ക് വടക്കുഭാഗത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാന്‍ സാധിക്കാത്ത അവസ്ഥക്ക് ഇന്റര്‍സിറ്റി ബസ് സര്‍വീസോടെ അറുതി വന്നിരിക്കുകയാണ്.