കാറിലെത്തിയ സംഘം യുവാക്കള്‍ കാട്ടാനയെ കല്ലെറിഞ്ഞു; മുത്തങ്ങ റെയ്ഞ്ച് കേസെടുത്തു

Posted on: March 27, 2016 12:58 pm | Last updated: March 27, 2016 at 12:58 pm

ELEPHANTകല്‍പ്പറ്റ: ദേശീയപാതയോരത്ത് ഒരു പ്രകോപനവുമില്ലാതെ മേയുകയായിരുന്ന കാട്ടാനയേയും കുട്ടിയാനയേയും കാറിലെത്തിയ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് കല്ലെറിഞ്ഞു ഉപദ്രവിച്ചു.

ദുഃഖ വെള്ളി ദിവസം വൈകീട്ട് ദേശീയ പാത 212ല്‍ പൊന്‍കുഴിക്കും തകരപ്പാടിക്കും ഇടക്ക് വെച്ചാണ് സംഭവം അരങ്ങേറിയത്. ദേശീയപാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളേയോ അതിലെ യാത്രക്കാരയോ ഒന്നും ഗൗനിക്കാതെ കാട്ടാനയും കുട്ടിയാനയും. ഈ സമയം മൈസൂര്‍ ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് മാരുതി കാറില്‍ വന്ന നാലംഗ സംഘമാണ് കാട്ടാനയെ കല്ലെറിഞ്ഞ് ഉപദ്രവിച്ചത്. ഏറ് കൊണ്ട ആന ഒന്നിലധികം തവണ ചീറിയാഞ്ഞടുത്തു. എന്നാല്‍ വീണ്ടും വീണ്ടും ആനക്ക് നേരെ കല്ലെറിയുകയാണ് ഇവര്‍ ചെയ്തത്.

ആന ചീറിയടുക്കാന്‍ തുടങ്ങിയതോടെ യുവാക്കള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ സമയം വഴിയില്‍ മറ്റ് വാഹനങ്ങളുമുനണ്ടായിരുന്നു. ആനക്കലി ഇവര്‍ക്ക് നേരെ തിരിയാതിരുന്നതിനാല്‍ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ മൈബൈലില്‍ പകര്‍ത്തിയത്. വനംവകുപ്പിനും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വനം വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷന്‍ 9 പ്രകാരം കാട്ടാനയെ വേട്ടയാടിയന്ന കുറ്റം ചുമത്തി മുത്തങ്ങ റെയ്ഞ്ച് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഏഴ് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് സെക്ഷന്‍ ഒമ്പത് നിഷ്‌കര്‍ഷിക്കുന്നത്. യുവാക്കളെ വനംവകുപ്പ് അന്വേഷിച്ച് വരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബത്തേരിയിലുള്ള ഒരു വനിതയുടെ പേരിലാണെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

വനത്തിലൂടെ കടന്ന് പോകുന്ന ദേശീയപാതയായ 212ല്‍ കാട്ടാനയും മാനും കുരങ്ങുമെല്ലാം പതിവ് കാഴ്ചയാണ്.
മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ചിലര്‍ വനത്തില്‍ വെച്ച് ഇത്തരം ക്രൂരമായി മൃഗങ്ങളോട് പെരുമാറുന്നത്. കാട്ട്മൃഗങ്ങളെ കാണുമ്പോള്‍ പലരും സെല്‍ഫിയെടുക്കാന്‍ തിടുക്കം കൂട്ടുന്നതും ബഹളം വെക്കുന്നതും ഇവയെ അലോസരപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ വന്യമൃഗങ്ങളില്‍ പ്രകോപനം സൃഷ്ടിക്കുകയും അവ ആക്രമണകാരിയാവുകയും ചെയ്യുന്നത്.