തിരഞ്ഞെടുപ്പും കള്ളപ്പണവും

Posted on: March 27, 2016 5:50 am | Last updated: March 26, 2016 at 11:08 pm
SHARE

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ടെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. അതിര്‍ത്തികളിലും വടക്കന്‍ ജില്ലകളിലുമായി ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പുകള്‍ അടുത്ത ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ രേഖകളില്ലാത്ത നാല്‍പ്പത് കോടിയോളം രൂപ പിടിച്ചെടുക്കുകയുണ്ടായി. തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കള്ളപ്പണമിറങ്ങുമെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് രാഷ്ട്രീയ മേഖലകളിലെ സാമ്പത്തിക വിനിയോഗം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഡി ഐ ജി. പി വിജയനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിരിക്കയാണ്. റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലും പ്രത്യേക പരിശോധനാ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങളെയെല്ലാം നിഷ്ഫലമാക്കി തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കള്ളപ്പണം ഒഴുകിയെത്താതിരിക്കില്ലെന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ പറയുന്നത്.
ആദര്‍ശങ്ങളോ നയപരിപാടികളോ അല്ല കൈയൂക്കും സമ്പത്തുമാണ് ഇന്ന് തിരഞ്ഞെടുപ്പിലെ ജയാപജയങ്ങളെ നിര്‍ണയിക്കുന്നത്. പ്രകടന പത്രികകള്‍ കേവല ചടങ്ങുകളാണ്. പണം വാരിയെറിഞ്ഞാണ് എല്ലാവരും വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ പ്രധാന നഗരങ്ങളില്‍ ഒരു കോടി രൂപ മുതല്‍ അഞ്ച് കോടി വരെ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ഇത് സാധിക്കില്ല. ഈ സാഹചര്യത്തില്‍ വഴിവിട്ട മാര്‍ഗങ്ങളെ അവംലംബിക്കകയേ നിര്‍വാഹമുള്ളൂ.
2014ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച സര്‍വ കക്ഷി യോഗത്തില്‍ കള്ളപ്പണം തടയാന്‍ കര്‍ശന നിര്‍ദേശം വേണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പണത്തിന്റെ വന്‍ ഒഴുക്ക് നിയന്ത്രിക്കുക, പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും അക്കൗണ്ട് സുതാര്യമാക്കുക, പാര്‍ട്ടികള്‍ക്കുള്ള കുത്തകകളുടെ സംഭാവന നിര്‍ത്തലാക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു അന്ന് കമ്മീഷന്‍ മുന്നോട്ട്‌വെച്ചത്. 2003ലെ സുപ്രീം കോടതിയുത്തരവ് പ്രകാരം മത്സരാര്‍ഥികള്‍ അവരുടെ സ്വത്ത് വിവരവും ബാധ്യതയും ക്രിമിനല്‍ റെക്കോര്‍ഡും വെളിപ്പെടുത്തേണ്ടതുമാണ്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കമ്മീഷനും പാര്‍ട്ടികള്‍ക്കും ബോധ്യമുണ്ട്. കോര്‍പറേറ്റുകളെയും കുത്തകകളെയും ആശ്രയിക്കാതെ പാര്‍ട്ടി ഫണ്ടുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കില്ല. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ പഠനമനുസരിച്ചു രാജ്യത്തെ ആറ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ എഴുപത്തഞ്ച് ശതമാനവും കള്ളപ്പണമാണ്. 2004-05 മുതല്‍ 2011-12 വരെയുള്ള കണക്കനുസരിച്ച് സ്രോതസ്സ് വെളിപ്പെടുത്താത്ത 4,895.96 കോടി രൂപ ഈ കക്ഷികളുടെ അക്കൗണ്ടുകളിലെത്തിയിട്ടുണ്ട്.
രാജ്‌നാഥ്‌സിംഗ് ബി ജെ പി ദേശീയ അധ്യക്ഷനായിരിക്കെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് രണ്ടര കോടി രൂപ കളവ് പോയിരുന്നു. എന്നാല്‍ പാര്‍ട്ടി സംഭവം പുറത്തു പറയുകയോ പോലീസിനെ അറിയിക്കുകയോ ചെയ്തില്ല. വിവരം മണത്തറിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാതിരുന്നതെന്ന് അന്വേഷിച്ചപ്പോള്‍ അത് പാര്‍ട്ടി അന്വഷിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം. ഛത്തീസ്ഗഢില്‍ ബി ജെ പി സര്‍ക്കാര്‍ ചെയ്തുകൊടുത്ത വഴിവിട്ട സഹായത്തിന് പകരമായി ഒരു വ്യവസായി നല്‍കിയതായിരുന്നു ആ പണമെന്ന വിവരം പുറത്തു വന്നു. പോലീസില്‍ പറഞ്ഞാല്‍ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരുമെന്നത് കൊണ്ടാണ് അന്വേഷണം പാര്‍ട്ടി തന്നെ സ്വയം ഏറ്റെടുത്തത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ യു ഡി എഫ് നേതാവിനും സംഘത്തിനും 300 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന മുന്‍ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെയും പൂട്ടിയ ബാറുകള്‍ തുറന്നു കിട്ടാന്‍ കേരള കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഫണ്ടിലേക്ക് കോടികള്‍ നല്‍കിയെന്ന ബിജു രമേശിന്റെയും വെളിപ്പെടുത്തലുകളും ഇതോട് ചേര്‍ത്തു വായിക്കാകുന്നതാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇതിനപവാദമല്ല.
തിരഞ്ഞെടുപ്പില്‍ പണം വാരിയെറിയുന്നതും പാര്‍ട്ടി ഫണ്ടുകള്‍ക്ക് കോര്‍പറേറ്റുകളെയും അതിസമ്പന്നരെയും ആശ്രയിക്കുന്നതുമാണ് രാജ്യത്ത് അഴിമതിയുടെ വ്യാപനത്തിന് മുഖ്യകാരണം. പാര്‍ട്ടി ഫണ്ടിലേക്ക് അവര്‍ വന്‍തോതില്‍ സംഖ്യ നല്‍കുന്നത് വളഞ്ഞ വഴിക്കുള്ള സഹായം പ്രതീക്ഷിച്ചാണ്. ഇവിടെയാണ് കായലുകള്‍ വില്‍ക്കാനും ഏലക്കാടുകള്‍ അനധികൃതമായി തീറെഴുതിക്കൊടുക്കാനും പിടിച്ചെടുത്ത മിച്ചഭൂമി തിരിച്ചു നല്‍കാനും ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാകുന്നത്. മറ്റു വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഏറ്റവും മികച്ചതെന്ന് പറയപ്പെടാറുണ്ട്. പക്ഷേ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതില്‍ കമ്മീഷന്‍ ദയനീയമായി പരാജയപ്പെടുകയാണ്. രാജ്യത്ത് ഒരു തവണ പോലും നീതിപൂര്‍വമായ തിരഞ്ഞെടുപ്പുണ്ടായിട്ടില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. രാഷ്ട്രീയ നേതൃത്വങ്ങളും വന്‍കിടക്കാരും തമ്മില്‍ തിരശ്ശീലക്ക് പിന്നിലെ ബന്ധം അവസാനിപ്പിക്കാത്ത കാലത്തോളം അത് പ്രതീക്ഷിക്കേണ്ടതുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here