ഹോംഗ്‌കോംഗിനെ തളച്ച് ഖത്വര്‍ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

Posted on: March 26, 2016 7:18 pm | Last updated: March 26, 2016 at 7:18 pm

Foot Ballദോഹ: റഷ്യയില്‍ 2018ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ ഖത്വറിന് തുടര്‍ച്ചയായ ഏഴാം ജയം. ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആതിഥേയ ടീം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഹോംഗ്‌കോംഗിനെ വെട്ടിയത്.
സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹസന്‍ അല്‍ ഹെയ്‌ദോസും സെബാസ്റ്റിയന്‍ സോറിയയുമാണ് ഖത്വറിനു വേണ്ടി ഗോളുകള്‍ നേടിയത്. രണ്ടു പകുതികളിലായായിരുന്നു ഗോള്‍ നേട്ടം. നേരത്തേ ഗ്രൂപ്പ് സിയില്‍ ഒന്നാമതായിരുന്ന ഖത്വറിന് ഹോംഗ്‌കോംഗിനെതിരായ മത്സരം നിര്‍ണായകമായിരുന്നില്ല. ഏഷ്യന്‍ മേഖലയിലെ യോഗ്യതാ മത്സരങ്ങളില്‍ ഖത്വര്‍ മൂന്നാം റൗണ്ടിലെത്തിയിരുന്നു. 2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്കും ഖത്വര്‍ യോഗ്യത നേടിയിരുന്നു. ഏവേ മത്സരത്തില്‍ ഖത്വര്‍ ഹോംഗ്‌കോംഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരം കാണാന്‍ സ്‌റ്റേഡിയത്തില്‍ ആയിരങ്ങളെത്തി. കളികാണാനും ഖത്വര്‍ ടീമിനെ പിന്തുണക്കാനും ഇന്ത്യന്‍ സമൂഹം വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
ഖത്വറിനെതിരെ പരാജയപ്പെട്ടതോടെ ഹോംഗ്‌കോംഗിന്റെ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമായി. മത്സരത്തില്‍ ഖത്വറിനായിരുന്നു സമ്പൂര്‍ണ ആധിപത്യം. 20-ാം മിനിറ്റില്‍ ഹസന്‍ ഖാലിദ് അല്‍ ഹെയ്‌ദോസ് ആദ്യഗോള്‍ നേടി. 87-ാം മിനിറ്റില്‍ സെബാസ്റ്റിയന്‍ സോറിയ ലീഡുയര്‍ത്തി. 21പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ബഹുദൂരം മുന്നിലാണ് ഖത്വര്‍. ചൈനയുമായാണ് ഖത്വറിന്റെ അടുത്ത മത്സരം. രണ്ടാം റൗണ്ടില്‍ എട്ടു ഗ്രൂപ്പുകളിലായി മത്സരിക്കുന്ന നാല്‍പ്പത് രാജ്യങ്ങളില്‍ നിന്നും പന്ത്രണ്ട് ടീമുകളാണ് മുന്നാം റൗണ്ടില്‍ മത്സരിക്കുന്നത്. ഖത്വര്‍ ഉള്‍പ്പടെ എട്ടു ഗ്രൂപ്പ് ജേതാക്കളും ഈ ഗ്രൂപ്പുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച നാലു രണ്ടാം സ്ഥാനക്കാരുമാണ് മൂന്നാം റൗണ്ടില്‍ പോരാടുന്നത്.
ഈ വര്‍ഷം ആഗസ്ത് മുതല്‍ 2017 സെപ്തംബര്‍ വരെയാണ് മൂന്നാം റൗണ്ട് മത്സരങ്ങള്‍. ആറു വീതം ടീമുകള്‍ ഉള്‍പ്പെട്ട രണ്ടു ഗ്രൂപ്പുകളിലായാണ് മൂന്നാം റൗണ്ട്. രണ്ടു ഗ്രൂപ്പുകളിലും വിജയികളാകുന്നവരും രണ്ടാമതെത്തുന്നവരും 2018 റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടും. ഏഷ്യയില്‍ നിന്നും അഞ്ചു ടീമുകള്‍ക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. അവേശേഷിക്കുന്ന ഒരു ടീമിനെ കണ്ടെത്തുന്നതിനായി നാലാം റൗണ്ട് ഉണ്ടാകും. മൂന്നാം റൗണ്ടില്‍ രണ്ടു ഗ്രൂപ്പിലും മൂന്നാമതെത്തുന്ന ഒരോ ടീം വീതം നാലാം റൗണ്ടില്‍ പ്രവേശിക്കും. അടുത്ത വര്‍ഷം ഒകേ്ടാബറില്‍ നടക്കുന്ന ഈ റൗണ്ടില്‍ രണ്ടു ടീമുകളും ഹോം, എവേ മത്സരങ്ങള്‍ കളിക്കും. വിജയികള്‍ ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടും.

ALSO READ  വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്ന് എ ടി കെക്കെതിരെ