Connect with us

National

ഇന്ത്യയോട് പ്രതികാരം ചെയ്യാന്‍ ലഷ്‌കര്‍-ഇ ത്വയ്ബയില്‍ ചേര്‍ന്നു: ഡേവിഡ് ഹെഡ്‌ലി

Published

|

Last Updated

മുംബൈ: ഇന്ത്യയോട് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണു ഭീകരസംഘടനയായ ലഷ്‌കര്‍-ഇ ത്വയ്ബയില്‍ ചേര്‍ന്നതെന്നു മുംബൈ ഭീകരാക്രമണ കേസിലെ മാപ്പുസാക്ഷി ഡേവിഡ് ഹെഡ്‌ലി. ചെറുപ്പകാലം മുതലേ ഇന്ത്യയെ വെറുത്തിരുന്നു. 1971ല്‍ താന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ഇന്ത്യ ബോംബാക്രമണം നടത്തി. സ്‌കൂള്‍ കെട്ടിടം തകരുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു. അന്നു മുതല്‍ ഇന്ത്യയോടു പ്രതികാരം ചെയ്യണമെന്നു മനസില്‍ ഉറപ്പിച്ചതായും ഹെഡ്‌ലി പറഞ്ഞു. ഷിക്കാഗോയിലുള്ള ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിസ്താരത്തിനിടെയാണു ഹെഡ്‌ലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ലഷ്‌കര്‍-ഇ ത്വയ്ബയുമായുള്ള ബന്ധത്തെക്കുറിച്ച് പിതാവിന് അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം അതിനെ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. പാക് റേഡിയോ ഡയറക്ടര്‍ ജനറലായിരുന്ന പിതാവ് മരിച്ചപ്പോള്‍ അന്നു പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസ ഗിലാനി തന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും ഹെഡ്‌ലി പറഞ്ഞു. എന്നാല്‍, കുടുംബാംഗങ്ങളെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങള്‍ക്കു ഹെഡ്‌ലി ഉത്തരം നല്‍കിയില്ല.
ശിവസേനയുടെ തലവന്‍ ആയിരുന്ന അന്തരിച്ച ബാല്‍താക്കറെയെ അമേരിക്കയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിയെന്നും അതിന് ലഷ്‌കര്‍ ഇ ത്വയ്ബയുടെ സാജിദ് മിറില്‍ നിന്നും നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായും ഹെഡ്‌ലി പറഞ്ഞു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ അദ്ദേഹം എത്തിയില്ലെന്നും, താനിതുവരെ ബാല്‍താക്കറെയെ നേരിട്ടു കണ്ടിട്ടില്ലെന്നും ഹെഡ്‌ലി വിശദീകരിക്കുന്നുണ്ട്. നാലുദിവസമാണ് ഹെഡ്‌ലിയെ എതിര്‍ വിസ്താരം ചെയ്യുന്നതിനായി അമേരിക്കന്‍ അധികൃതര്‍ അനുവദിച്ചിരിക്കുന്ന സമയം. ഇതുപ്രകാരം ഹെഡ്‌ലിയെ ശനിയാഴ്ച വരെമാത്രമേ വിസ്താരം നടത്താന്‍ സാധിക്കുകയുള്ളു. അബു ജുന്‍ഡാലിന്റെ അഭിഭാഷകന്‍ അബ്ദുല്‍ വഹാബ് ഖാനാണ് ഹെഡ്‌ലിയെ ക്രോസ് വിസ്താരം നടത്തുന്നത്.