Connect with us

Ongoing News

ഓസ്‌ട്രേലിയയോട് 21 റണ്‍സിന് തോറ്റ് പാകിസ്താന്‍ ലോക ട്വന്റി-20യില്‍ നിന്നും പുറത്ത്

Published

|

Last Updated

മൊഹാലി :ലോകകപ്പ് ട്വന്റി-20യില്‍ പാക്കിസ്ഥാനെ ഓസ്‌ട്രേലിയ 21 റണ്‍സിന് തോല്‍പ്പിച്ചു. തോല്‍വിയോടെ പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നു പുറത്തായി ഓസീസ് സെമി സാധ്യത നിലനിര്‍ത്തുകയും ചെയ്തു. 194 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത ഇരുപത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനെ സാധിച്ചുള്ളു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഫോക്‌നര്‍ ആണ് പാക്കിസ്ഥാന്‍ ബാറ്റിങ്ങ് തകര്‍ത്തത്. നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് ഫോക്‌നര്‍ അഞ്ചു വിക്കറ്റ് നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് മുന്നിലെത്തി.   ഞായറാഴ്ച നടക്കുന്ന ഇന്ത്യഓസ്‌ട്രേലിയ മത്സര വിജയികളാകും ഗ്രൂപ്പില്‍ നിന്ന് സെമിയില്‍ കടക്കുക.

ഗ്രൂപ്പ് ഘട്ടത്തിലെ നാലില്‍ മൂന്ന് കളികളിലും തോറ്റ പാകിസ്താന്‍ ഇതോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പാകിസ്താനായി ഖാലിദ് ലത്തീഫ് (41 പന്തില്‍ 46), ഷുഐബ് മാലിക് (20 പന്തില്‍ 40), ഉമര്‍ അക്മല്‍ (20 പന്തില്‍ 32), ഷര്‍ജീല്‍ ഖാന്‍ (19 പന്തില്‍ 30) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ അഫ്രീദിക്ക് ഏഴ് പന്തില്‍ 14 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനായി സ്റ്റീവന്‍ സ്മിത്ത് അര്‍ധസെഞ്ചുറി (61) നേടി. പുറത്താകാതെ 43 പന്തില്‍ നിന്നാണ് സ്മിത്തിന്റെ പ്രകടനം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കാനൊരുങ്ങുന്ന ഷെയ്ന്‍ വാട്‌സന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് 21 പന്തില്‍ നിന്നും വാട്‌സണ്‍ പുറത്താകാതെ 44 റണ്‍സ് നേടി. മൂന്നു സിക്‌സും നാലു ഫോറും അടങ്ങിയതായിരുന്നു വാട്‌സന്റെ ബാറ്റിങ്ങ്.
പാക്കിസ്ഥാനായി ഇമാദ് വാസിമും വഹാബ് റിയാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.  മുഹമ്മദ് സമി നാലോവറില്‍ 53 റണ്‍സാണ്  വിട്ടു കൊടുത്തത്. ക്യാപ്റ്റന്‍ അഫ്രീദി നാലോവറില്‍ 27 റണ്‍സാണ് വിട്ടു കൊടുത്തത്.

 

Latest