മലമ്പുഴ ഒരുങ്ങുന്നു ജനനായകന് വരവേല്‍ക്കാന്‍

Posted on: March 23, 2016 12:35 pm | Last updated: March 23, 2016 at 12:35 pm

VSപാലക്കാട്: ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തു നില്‍ക്കാതെ മലമ്പുഴ മണ്ഡലത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചാരണം തുടങ്ങി. വി എസിനായി വോട്ടഭ്യര്‍ഥിച്ച് മണ്ഡലത്തിലെങ്ങും ചവരെഴുത്ത് നടത്തുന്ന തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

വി എസ് നാലാം തവണയും മലമ്പുഴ മണ്ഡലത്തില്‍നിന്നും ജനവിധി തേടാനിറുങ്ങുമെന്ന് ഉറപ്പായതോടെയാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തു നില്‍ക്കാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചാരണം തുടങ്ങിയത്. മലമ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പട്ട വിവിധ പഞ്ചായത്തുകളില്‍ വിഎസിന് വോട്ടഭ്യര്‍ഥിച്ച് ചുവരെഴുത്ത് പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും എല്‍ ഡി എഫാണ് ഭരിക്കുന്നത് എന്നതിനാല്‍ ഇത്തവണ മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

കഴിഞ്ഞ തവണ വി എസിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റംഗം എ പ്രഭാകരന് വേണ്ടിയാണ് മലമ്പുഴയില്‍ ആദ്യം ചുവരെഴുതിയിരുന്നെങ്കിലും പിന്നീട് വി എസ് തന്നെ വന്നതോടെ അതെല്ലാം മാറ്റേണ്ടി വന്നു. എന്നാല്‍ ഇത്തവണ അത്തരം ആശയകുഴപ്പം ഒന്നുമുണ്ടായിരുന്നില്ലായെന്നതിനാല്‍ വി എസിനായി ആദ്യം തന്നെ ചുവരെഴുത്ത് തുടങ്ങി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വി എസ് 26ന് മലമ്പുഴയിലെത്തുമെന്ന് പ്രാദേശിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അന്ന് നടക്കുന്ന മണ്ഡലം കമ്മിറ്റിയിലും, മണ്ഡലത്തിലെ ജനപ്രതിനിധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന യോഗത്തിലും വി എസ് പങ്കെടുക്കും. ഇക്കുറി വി എസിന് റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കാനൊരുങ്ങുകയാണ് മലമ്പുഴ മണ്ഡലം.