അമിത മദ്യപാനം മൂലം അട്ടപ്പാടിയില്‍ മരിച്ചത് 116 പേര്‍

Posted on: March 22, 2016 1:39 pm | Last updated: March 23, 2016 at 9:31 am
SHARE

DRINKING KILLപാലക്കാട്: കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കോയമ്പത്തൂരിലെ ആനക്കട്ടിയില്‍ തമിഴ്‌നാടിന്റെ അധീനതയിലുളള മദ്യവില്‍പനശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന വനിതകള്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയെ കണ്ട് ചര്‍ച്ച നടത്തി. പത്ത് പേരടങ്ങിയ വനിതാ സംഘമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കലക്ടറുടെ ചേമ്പറിലെത്തി ചര്‍ച്ച നടത്തിയത്. മദ്യനിരോധന മേഖലയായ അട്ടപ്പാടിയിലും പരിസരത്തും ആനക്കട്ടിയിലെ വിദേശ മദ്യഷാപ്പില്‍ നിന്നുള്ള മദ്യം കഴിച്ച് നിരവധി പേര്‍ രോഗബാധിതരായെന്നും അമിത മദ്യപാനം മൂലം 116 പേര്‍ മരിച്ചുവെന്നും സംഘടന ജില്ലാ കലക്ടറെ അറിയിച്ചു.

സമരം തുടങ്ങിയതിനുശേഷം ഏഴ് പേരാണ് അമിത മദ്യപാനം മൂലം മരണമടഞ്ഞതെന്നും ഇവര്‍ പറഞ്ഞു. വനിതകള്‍ നല്‍കിയ പരാതി കണക്കിലെടുത്ത് പരിഹാരം ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ക്ക് വിശദമായ കത്ത് സമര്‍പ്പിക്കുമെന്നും ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
മദ്യപാനത്തിന്റെ ദുരവസ്ഥ തനിക്ക് ബോധ്യപ്പെട്ടതാണെന്നും മദ്യഷാപ്പ് നീക്കം ചെയ്യാമെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ ഉറപ്പു നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ആര്‍ ഡി ഒയുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ കലക്ടറെ നേരില്‍ കണ്ട് പ്രശ്‌ന പരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
18 വയസ്സില്‍ താഴെയുള്ളവരുടെ മദ്യപാനം അവസാനിപ്പിക്കുന്നതിനും അവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ടി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ഉടന്‍ നിര്‍ദ്ദേശം നല്‍കുമെന്നും പി മേരിക്കുട്ടി, മരുതി, ഗീത എന്നിവരടങ്ങിയ പത്തംഗ സംഘത്തിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here