പാറ്റൂരിലെ വിവാദ ഭൂമി :പന്ത്രണ്ട് സെന്റ് തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവ്

Posted on: March 22, 2016 9:03 am | Last updated: March 22, 2016 at 1:26 pm
SHARE

court roomതിരുവനന്തപുരം:പാറ്റൂരില്‍ ഫഌറ്റ് നിര്‍മാണത്തിനായി കൈയേറിയ പുറമ്പോക്ക് ഭൂമിയില്‍പ്പെട്ട പന്ത്രണ്ട് സെന്റ് തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവ്. ഈ ഭൂമി കൈയേറിയതാണെന്ന് അമിക്കസ്‌ക്യൂറിയും അഭിഭാഷക കമ്മീഷനും കണ്ടെത്തിയിരുന്നു. മാത്രമല്ല ഇക്കാര്യം ഫഌറ്റ് ഉടമകളും സമ്മതിച്ചിരുന്നു. ആര്‍ക്കും തര്‍ക്കമില്ലാത്ത ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്.

വിവാദമായ പാറ്റൂര്‍ കേസില്‍ മുപ്പത് സെന്റ് ഭൂമിയിലാണ് സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിച്ചത്. ഇതില്‍ അനധികൃതമായി കൈയേറിയ പന്ത്രണ്ട് സെന്റ് ഭൂമി തിരിച്ചെടുക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് പയസ് കുര്യാക്കോസിന്റേതാണ് ഉത്തരവ്. അതേസമയം, തര്‍ക്കമുള്ള നാല് സെന്റ് ഭൂമിയില്‍ ഇന്ന് വാദം കേള്‍ക്കും. ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളുമായി ഫഌറ്റുടമകള്‍ സഹകരിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. സ്ഥലമേറ്റെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നും പുറമ്പോക്ക് ഭൂമി മതില്‍ കെട്ടി തിരിക്കണമെന്നും ജില്ലാ കലക്ടര്‍ക്ക് ലോകായുക്ത നിര്‍ദേശം നല്‍കി.
പാറ്റൂരില്‍ പതിനാറ് സെന്റിലധികം പുറമ്പോക്ക് ഭൂമി ഉണ്ടെന്നാണ് ലോകായുക്തയുടെ കണക്കുകൂട്ടല്‍. പാറ്റൂരില്‍ സര്‍വേ നടത്തിയ ഉദ്യോഗസ്ഥര്‍ പലതരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ലോകായുക്തയില്‍ സമര്‍പ്പിച്ചത്. പുറമ്പോക്ക് ഭൂമി പന്ത്രണ്ട് മുതല്‍ പതിനാറ് വരെ സെന്റ് ഉണ്ടെന്ന് കാണിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍.
പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സീവേജ് പൈപ്പ് കടന്നുപോയ സര്‍ക്കാര്‍ ഭൂമി കൈയേറി ആര്‍ടെക്് കമ്പനി ഫഌറ്റ് നിര്‍മിച്ചെന്ന പൊതുപ്രവര്‍ത്തകന്‍ ജോയി കൈതാരത്തിന്റെ ഹരജിയിലാണ് ലോകായുക്തയുടെ ഉത്തരവ്. തങ്ങളുടെ കൈവശം കൂടുതല്‍ ഭൂമിയുള്ളതായി ആര്‍ടെക് വക്കീല്‍ ലോകായുക്തയില്‍ സമ്മതിച്ചിരുന്നു.
പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്ഥാപനത്തിന് അനധികൃതമായി കൈമാറാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത്ഭൂഷനും അനാവശ്യ തിടുക്കം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയും സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കൈയേറി റിയല്‍ടെക് ഫഌറ്റ് നിര്‍മിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here