ഫ്‌ളൈ ദുബൈ അപകടത്തിന് കാരണം കനത്ത കാറ്റെന്ന് സ്ഥിരീകരണം

Posted on: March 21, 2016 3:24 pm | Last updated: March 21, 2016 at 3:24 pm

rescuers from the Emergency Ministry wereദുബൈ: റഷ്യയില്‍ ഫ്‌ളൈ ദുബൈ വിമാനം തകരാന്‍ കാരണം അപ്രതീക്ഷിത കാറ്റ് തന്നെയായിരിക്കുമെന്ന് വിദഗ്ധര്‍. നിരവധി വിമാനങ്ങള്‍, അപകടം നടന്ന റോസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ നിന്ന് വഴിതിരിച്ച് വിട്ടിരുന്നു. ഒരു വിമാനം മൂന്ന് തവണയാണ് ശ്രമം നടത്തിയത്. അസാധ്യമാണെന്ന് കണ്ട് മറ്റൊരു വിമാനത്താവളത്തിലേക്ക് അത് വഴിതിരിച്ചുവിടുകയായിരുന്നുവെന്നും റോസ്‌തോവ് മേഖലാ ഗവര്‍ണര്‍ വാസിലി ഗ്ലൗബേവ് ചൂണ്ടിക്കാട്ടി. റണ്‍വേയില്‍ നിന്ന് 250 മീറ്റര്‍ മുകളില്‍ വെച്ചാണ് ഫ്‌ളൈ ദുബൈക്ക് അപകടം സംഭവിച്ചത്. കാറ്റും മഴയും ഉണ്ടായിരുന്നു.

അതേസമയം, കനത്ത കാറ്റ് ഉയരത്തില്‍ ആയിരുന്നില്ലെന്ന് റഷ്യന്‍ ടെലിവിഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിമാനം തറനിരപ്പില്‍നിന്ന് 500 മീറ്റര്‍ മുകളില്‍ എത്തിയപ്പോള്‍ കാറ്റ് അപകടകരമായി മാറിയിരുന്നു. സെക്കന്‍ഡില്‍ 30 മീറ്റര്‍ വേഗത്തിലായിരുന്നു. ഫ്‌ളൈ ദുബൈക്ക് സമീപം ഇത് സെക്കന്‍ഡില്‍ 22 മീറ്റര്‍ എന്ന നിലയിലായിരുന്നു.
യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം തന്നെ സംഭവ സ്ഥലത്ത് എത്തി. ബോയിംഗ് വിമാന കമ്പനി പ്രതിനിധികളും അവിടെ എത്തിയിരുന്നു. ബ്ലാക്ക് ബോക്‌സ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫ്‌ളൈ ദുബൈ രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നുവെന്നാണ് സ്ട്രാറ്റജിക് എയറോ റിസര്‍ച്ചിലെ മുഖ്യ സാങ്കേതിക വിദഗ്ധന്‍ സാജ് അഹ്മദ് വ്യക്തമാക്കിയത്. ഫ്‌ളൈ ദുബൈക്ക് മോസ്‌കോയിലേക്ക് വഴിതിരിച്ച് വിടാമായിരുന്നു. 90 മിനിറ്റ് യാത്രമാത്രമെ മോസ്‌കോയിലേക്കുള്ളു. ആകാശത്ത് രണ്ട് മണിക്കൂര്‍ വട്ടമിടുന്നതിന് പകരം മോസ്‌കോയിലേക്ക് പോകാമായിരുന്നു. ദുബൈ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇതിനിടെ റോസ്‌തോവ് ഓണ്‍ ഡോവിലേക്കുള്ള പല വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.