കേരളത്തില്‍ നിന്ന് 10,000 ത്തോളം ഹാജിമാര്‍: യാത്ര കരിപ്പൂരില്‍ നിന്നല്ലെങ്കില്‍ പ്രയാസം സൃഷ്ടിക്കും

Posted on: March 21, 2016 12:36 pm | Last updated: March 21, 2016 at 12:36 pm
SHARE

hajj 2016കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നല്ലെങ്കില്‍ ഹജ്ജ് കമ്മിറ്റിയും ഹാജിമാരും ഏറെ പ്രയാസപ്പെടും. 70 വയസ്സ് പൂര്‍ത്തിയായവര്‍ക്കും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം നല്‍കിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ എണ്ണം 9943 ആയി. ഹാജിമാരില്‍ 80 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരായതിനാലും ഹജ്ജ് ഹൗസും സ്ഥിരം ഹജ്ജ് ക്യാമ്പും കരിപ്പൂരിലായതിനാലും, യാത്ര നെടുമ്പാശ്ശേരിയില്‍ നിന്നായാല്‍ ഇരു കൂട്ടരും കടുത്ത പ്രയാസം നേരിടേണ്ടി വരും. കഴിഞ്ഞ വര്‍ഷം 6522 പേരാണ് ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരി വഴി ഹജ്ജിനു പുറപ്പെട്ടത്. ചില ദിവസങ്ങളില്‍ രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിട്ടും യാത്ര 16 ദിവസം നീണ്ടു.

ഈ വര്‍ഷം10,000 ഓളം ഹാജിമാര്‍ യാത്ര പോകാനിരിക്കെ യാത്ര മാത്രം 30 ദിവസത്തിലധികം നീണ്ടു നില്‍ക്കും. ക്യാമ്പ് പത്ത് ദിവസം മുമ്പെങ്കിലും ആരംഭിക്കേണ്ടിയും വരും. ആഗസ്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് തുടക്കമാകുന്നത്. ഒരു ദിവസം രണ്ടില്‍ കൂടുതല്‍ വിമാനങ്ങളുടെ സര്‍വീസ് സാധ്യമാവില്ല. വിമാനക്കമ്പനി സര്‍വീസ് നടത്തുന്നതിന് തയാറാകുമെങ്കിലും ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ക്യാമ്പില്‍ ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യമൊരുക്കുന്നതിനും പ്രയാസമാകും. അതേസമയം കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷവും ഹജ്ജ് യാത്രക്ക് സാധ്യതയില്ലെന്നാണറിയുന്നത്. സെപ്തംബറിലാണ് ഇപ്പോള്‍ നടക്കുന്ന റണ്‍വേ റീകാര്‍പെറ്റിംഗിന് റ ആദ്യ ഘട്ടം പൂര്‍ത്തിയാകുക. വലിയ വിമാനങ്ങള്‍ ഒരു വര്‍ഷം മുമ്പു നിരോധിച്ചതിന് പുറമെ കാലത്ത് 11 മണി മുതല്‍ രാത്രി എട്ട് വരെ റണ്‍വേ അടച്ചിടുകയുമാണ്.

ഡി ജി സി എയുടെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമെ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജസ്റ്റി രാജുവിനെ സന്ദര്‍ശിച്ചിരുന്നു. അതെസമയം വലിയ വിമാനങ്ങളുടെ മുഴുവന്‍ ഭാരത്തോടു കൂടിയുള്ള ലാന്റിംഗിനു മാത്രമാണ് റണ്‍വേ പരിമിതമായിട്ടുള്ളത്. ചാര്‍ട്ടര്‍ ചെയ്ത ഹജ്ജ് വിമാനങ്ങള്‍ ആളൊഴിഞ്ഞ് വരികയും ഹാജിമാരെയും വഹിച്ച് യാത്ര പുറപ്പെടുകയുമാണ് ചെയ്യുക. ഈ കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയാല്‍ യാത്ര കരിപ്പൂരില്‍ നിന്നാകാന്‍ കേന്ദ്രം അനുമതി നല്‍കിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here