Connect with us

National

അസ്ഗര്‍ അലിക്ക് 104ാം വയസ്സില്‍ കന്നിവോട്ട്

Published

|

Last Updated

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും ആകാംക്ഷയോടെ ദൂരെ നിന്ന് വീക്ഷിച്ച അസ്ഗര്‍ അലി 104ാം വയസ്സില്‍ കന്നിവോട്ടിനൊരുങ്ങുന്നു. രണ്ടാം ലോകമഹായുദ്ധവും ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരവും കണ്ട അസ്ഗര്‍ അലി മെയ് അഞ്ചിന് പോളിംഗ് ബൂത്തിലേക്ക് പോകും.
തന്റെ കന്നിവോട്ടിന് പുറമെ അസ്ഗര്‍ അലിക്കും കുടുംബത്തിനും മെയ് അഞ്ചിലെ വോട്ടെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. സ്വന്തമായൊരു രാജ്യവും അസ്തിത്വവും ലഭിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകൂടിയാണിത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 31ലെ കൈമാറ്റ കരാറിലുടെ ഇന്ത്യന്‍ പൗരന്മാരായി മാറിയ ബംഗ്ലാദേശ് അധീന മേഖലയില്‍ താമസിച്ചിരുന്ന കുടുംബങ്ങളില്‍പ്പെട്ട ഒരു കുടുംബമാണ് അസ്ഗര്‍ അലിയുടേത്. അതിര്‍ത്തി പുനര്‍നിര്‍ണയം നടന്ന ശേഷമാണ് അസ്ഗര്‍ അലി ഒരു രാജ്യത്തിന്റെ “ഔദ്യോഗിക പൗരനാ”യി മാറുന്നത്.
കേള്‍വിക്കുറവടക്കമുള്ള വാര്‍ധക്യ സഹജമായ അസുഖത്താല്‍ ബുദ്ധിമുട്ടുന്ന അസ്ഗര്‍ അലിയെ എന്തുതന്നെ വന്നാലും കന്നിവോട്ട് ചെയ്യിപ്പിക്കുമെന്ന് പൗത്രന്‍ സൈനുല്‍ ആബിദീന്‍ പറയുന്നു.
ദിന്‍ഹത നിയോജക മണ്ഡലത്തിലാണ് അസ്ഗര്‍ അലിക്കും കുടുംബത്തിനും തങ്ങളുടെ വിലയേറിയ സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ളത്.