കന്നുകാലി വ്യാപാരികളെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Posted on: March 20, 2016 12:04 am | Last updated: March 20, 2016 at 12:16 am

cattle traders hangedറാഞ്ചി: ഝാര്‍ഖണ്ഡില്‍ കന്നുകാലി വ്യാപാരികളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പ്രദേശത്തെ പശു സംരക്ഷണ ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പശു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
ഗോരക്ഷാ സമിതി നേതാവ് മിഥിലേഷ് പ്രസാദ് സാഹു ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പ്രതികളെന്ന് കരുതുന്ന മൂന്ന് പേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനിന്നതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ലത്തേഹര്‍ ജില്ലയിലെ ബാലുമഥില്‍ വെള്ളിയാഴ്ച രാവിലെയാണ് രണ്ട് വ്യാപാരികളെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. മസ്‌ലൂം അന്‍സാരി (32), മറ്റൊരു വ്യാപാരിയുടെ മകനായ ഇംതിയാസ് ഖാന്‍ (13) എന്നിവരെയാണ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുണ്ട്. കൈകള്‍ പിറകില്‍ കെട്ടിയ നിലയിലായിരുന്ന മൃതദേഹങ്ങള്‍. ബീഫ് കഴിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു.
കൊലപാതകത്തിനു പിന്നില്‍ കന്നുകാലികളുമായി ബന്ധപ്പെട്ട പ്രശ്‌നമാണോ പണാപഹരണമാണോ എന്നത് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ദാദ്രി മാതൃകയില്‍ കൊലപ്പെടുത്തിയതാണോയെന്നും സംശയമുണ്ട്. ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ചാണ് മുഹമ്മദ് അഖ്‌ലാക്കിനെ തല്ലിക്കൊന്നത്.
ഹിന്ദുത്വ സംഘടനകളാണ് സംഭവത്തിനു പിന്നിലെന്ന് ലത്തേഹര്‍ എം എല്‍ എ ആരോപിച്ചു. നാല് മാസം മുമ്പ് കന്നുകാലി വ്യാപാരിയെ കൊലപ്പെടുത്താന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചിരുന്നതായി എം എല്‍ എ പറഞ്ഞു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് സി പി എം ചൂണ്ടിക്കാട്ടി.