പരിശോധന ശക്തമാക്കി; കടകള്‍ പൂട്ടിച്ചു

Posted on: March 19, 2016 7:25 pm | Last updated: March 19, 2016 at 7:25 pm

ദോഹ: വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ വെച്ചതിനും കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വിറ്റതിനും നാല് സ്ഥാപനങ്ങള്‍ അധികൃതര്‍ അടപ്പിച്ചു. പത്ത് മുതല്‍ 60 വരെ ദിവസത്തേക്കാണ് ദോഹ മുനിസിപ്പാലിറ്റി അധികൃതര്‍ കടകള്‍ അടപ്പിച്ചത്.
ഫരീജ് അബ്ദുല്‍ അസീസിലെ രണ്ട് കഫ്തീരിയകള്‍ 60 ദിവസത്തേക്കാണ് അടപ്പിച്ചത്. ഓള്‍ഡ് ഗാനിമിലെ ഗ്രോസറി 30 ദിവസത്തേക്കും അടപ്പിച്ചു. ഫരീജ് അബ്ദുല്‍ അസീസിലെ സൂപ്പര്‍മാര്‍ക്കറ്റ് പത്ത് ദിവസത്തേക്കാണ് അടപ്പിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു റസ്റ്റോറന്റ്, ആശാരിപ്പണി നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചതും ഭക്ഷണം തയ്യാറാക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് 15 ടണ്‍ ധാന്യപ്പൊടികളും മാംസവും പിടികൂടി. ദുഹൈലിലെ ബേക്കറിയില്‍ നിന്ന് കാലാവധി കഴിഞ്ഞ പലഹാരങ്ങള്‍ കണ്ടെത്തി. ഭക്ഷ്യയോഗ്യമല്ലാത്ത ഒമ്പത് ടണ്‍ ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. 8.5 ടണ്‍ പച്ചക്കറിയും പഴങ്ങളും അര ടണ്‍ മാംസം, മത്സ്യം ഉള്‍പ്പെടെയാണിത്.
അല്‍ സൗദാന്‍ സൗത്തിലെ ഫുഡ് സ്റ്റോറില്‍ ലൈസന്‍സില്ലാതെ ഭക്ഷണസാധനങ്ങള്‍ പുനര്‍പാക്ക് ചെയ്യുന്നത് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. വൃത്തിഹീനമായി സൂക്ഷിച്ച 952 കിലോ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
അല്‍ ശഹാനിയ്യ മുനിസിപ്പാലിറ്റി അധികൃതര്‍ കഴിഞ്ഞ മാസം നടത്തിയ 156 പരിശോധനകളില്‍ 15 നിയമലംഘനങ്ങള്‍ കണ്ടെത്തി. മൂന്ന് കടകള്‍ പൂട്ടിച്ചു. വിവിധ മുനിസിപ്പാലിറ്റികള്‍ വ്യാപക പരിശോധനകളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം നല്ല മാംസത്തോടൊപ്പം കാലാവധി കഴിഞ്ഞ മാംസം കലര്‍ത്തി വില്‍ക്കാന്‍ ശ്രമിച്ചത് മുനിസിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തിയിരുന്നു.