നിക്ഷേപ പദ്ധതികള്‍: കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നു

Posted on: March 19, 2016 6:00 am | Last updated: March 19, 2016 at 9:37 am

small-savings_2779994fന്യൂഡല്‍ഹി: പി എഫ് പലിശ നിരക്കടക്കം നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കോര്‍പറേറ്റ് അനുകൂല നടപടി. പി പി എഫ്, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് നിക്ഷേപം, സുകന്യ സമൃദ്ധി യോജന, മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപം തുടങ്ങിയവയുടെ നിലവിലെ പലിശ നിരക്കാണ് കേന്ദ്രം വന്‍തോതില്‍ വെട്ടിക്കുറച്ചത്. അടുത്ത മാസം ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. പലിശ നിരക്ക് കുറക്കുന്നതിലൂടെ ഇത്തരം നിക്ഷേപ പദ്ധതികള്‍ അനാകര്‍ഷകമാകുകയും ക്രമേണ കോര്‍പറേറ്റ് നിക്ഷേപങ്ങളിലേക്ക് ജനങ്ങള്‍ നീങ്ങുന്നതുമൂലം പരോക്ഷമായി കോര്‍പറേറ്റുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ പ്രയോജനം ലഭിക്കുക. ശരാശരി പന്ത്രണ്ടായിരം കോടിക്ക് മുകളിലുള്ള പി എഫ് നിക്ഷേപങ്ങള്‍ കോര്‍പറേറ്റുകളുടെ കൈയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ബജറ്റ് നിര്‍ദേശത്തിലൂടെ കൊണ്ടുവന്ന നികുതി വര്‍ധന നടപ്പിലാക്കാന്‍ കഴിയാത്തതിന് പകരമായാണ് കോര്‍പറേറ്റ് കുത്തകകളെ സഹായിക്കുന്ന തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയായിരിക്കും. സാധാരണക്കാര്‍ക്ക് വന്‍തുകയാകും ഇതിലൂടെ നഷ്ടമാകുക. പി പി എഫ് പലിശനിരക്ക് 8.7ല്‍ നിന്ന് 8.1 ശതമാനമായും കിസാന്‍ വികാസ് പത്ര പലിശ 8.7ല്‍ നിന്ന് 7.8 ശതമാനമായുമാണ് കുറച്ചത്. രണ്ടര വര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനുള്ള പലിശ 8.5ല്‍ നിന്ന് 7.9 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ നിക്ഷേപത്തിനുള്ള പലിശ 8.4 ശതമാനത്തില്‍ നിന്ന് 7.4 ശതമാനവും അഞ്ച് വര്‍ഷ നിക്ഷേപത്തിനുള്ള പലിശ 8.5 ശതമാനത്തില്‍ നിന്ന് 7.9 ശതമാനവും ഒരു വര്‍ഷ നിക്ഷേപത്തിന് 7.1 ശതമാനവുമായിരിക്കും പലിശ. രാജ്യത്തെ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 9.2ല്‍ നിന്ന് 8.6 ആക്കിയാണ് കുറച്ചത്.
മുതിര്‍ന്ന പൗരന്മാരുടെ അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിനുള്ള പലിശ 9.3ല്‍ നിന്ന് 8.6 ശതമാനമാക്കിയാണ് കുറച്ചത്. കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി വരും ദിവസങ്ങളില്‍ രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്.
ബജറ്റില്‍ പി എഫ് തുകയുടെ അറുപത് ശതമാനം പിന്‍വലിക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കം വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പ്രതിപക്ഷ കക്ഷികളും തൊഴിലാളി സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. പിന്നീട് ബി ജെ പിയില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് നികുതി നിര്‍ദേശ തീരുമാനം പിന്‍വലിച്ചത്. ഇതിനു പിന്നാലെയാണ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ച് കനത്ത നടപടിയുമായി ധനകാര്യ വകുപ്പ് മുന്നോട്ടുവന്നത്.
അതേസമയം, മൂന്ന് മാസത്തിലൊരിക്കല്‍ പലിശ നിരക്കുകള്‍ വിപണി നിരക്കുകള്‍ക്ക് അനുസരിച്ച് പുതുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പലിശനിരക്ക് വെട്ടിക്കുറച്ചതെന്നാണ് വിശദീകരണം. കഴിഞ്ഞ ഫ്രെബ്രുവരി 16നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റില്‍ കോര്‍പറേറ്റ് ലോകം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആവശ്യത്തിനുള്ള നികുതി ഇളവുകളും പ്രോത്സാഹന പദ്ധതികളും ഇല്ലെന്നായിരുന്നു പരാതി.