Connect with us

Kerala

സീറ്റ് വിഭജനത്തില്‍ നിലപാട് കടുപ്പിച്ച് മാണി; സി പി എം- സി പി ഐ ധാരണയായില്ല

Published

|

Last Updated

കോട്ടയം/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു വിഭജനം സംബന്ധിച്ച് സി പി എം- സി പി ഐ മൂന്നാംഘട്ട ഉഭയകക്ഷി ചര്‍ച്ചയും പരാജയപ്പെട്ടു. കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച സി പി ഐ ഇത്തവണ 29 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. എന്നാല്‍, പുതിയ കക്ഷികള്‍ വന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റ് തന്നെ നല്‍കാനാകില്ലെന്ന നിലപാടാണ് സി പി എം സ്വീകരിച്ചത്.

നേരത്തെ ആര്‍ എസ് പി മത്സരിച്ച നാല് സീറ്റുകളില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന വാദമാണ് സി പി എം ഉന്നയിച്ചത്. പുതിയ പാര്‍ട്ടികള്‍ക്കുള്ള സീറ്റ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന കക്ഷി നല്‍കണമെന്നായിരുന്നു സി പി ഐ നിലപാട്. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും ഇന്ന് വൈകീട്ട് മൂന്നിന് വീണ്ടും ചര്‍ച്ച തുടരുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. പുതുതായി മുന്നണിയിലേക്ക് വന്ന ജനാധിപത്യ കേരള കോണ്‍ഗ്രസുമായി സി പി എം നടത്തിയ ചര്‍ച്ചയിലും സീറ്റിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ല.
മാണി ഗ്രൂപ്പില്‍നിന്ന് വിട്ടുവന്ന ഫ്രാന്‍സിസ് ജോര്‍ജ് ഏഴ് സീറ്റുകളാണ് ആവശ്യപ്പെട്ടത്. ഇവര്‍ക്ക് നാല് സീറ്റ് നല്‍കാനാണ് സാധ്യത. ഇതിന് മറ്റ് കക്ഷികളുമായുള്ള ചര്‍ച്ച തീരുന്നതുവരെ കാത്തിരിക്കണമെന്നാണ് സി പി എം നേതൃത്വം അറിയിച്ചിരിക്കുന്നത്. പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞതായും എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്തശേഷം വീണ്ടും ചര്‍ച്ച നടത്തുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. നാളെ ഇടതുമുന്നണി യോഗത്തിന് മുമ്പ് സീറ്റുകളുടെ കാര്യത്തില്‍ ധാരണയിലെത്താനാണ് സി പി എമ്മിന്റെ ശ്രമം.
അതേസമയം, കൂടുതല്‍ സീറ്റുകള്‍ വേണമെന്നും സിറ്റിംഗ് സീറ്റുകള്‍ വെച്ചു മാറില്ലെന്നുമുള്ള നിലപാട് കടുപ്പിച്ച് കേരളാ കോണ്‍ഗ്രസ്(എം) നേതൃത്വം രംഗത്ത്. പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന കാര്യത്തില്‍ പാര്‍ട്ടി പിന്നോട്ടില്ലെന്ന് ചെയര്‍മാന്‍ കെ എം മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് ഇപ്പോള്‍ പ്രതിസന്ധിയില്ല. എല്ലാകാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാനാകില്ല. പൂഞ്ഞാര്‍ കേരളാ കോണ്‍ഗ്രസിന്റെ സീറ്റാണെന്നും സീറ്റ് ചര്‍ച്ചകള്‍ സൗഹൃദപരമായിരിക്കുമെന്നും മാണി പറഞ്ഞു. സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാനാകില്ലെന്ന് ജോസ് കെ മാണി എം പിയും പ്രതികരിച്ചു.
പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കുട്ടനാട് സീറ്റുകളില്‍ ഒരു വിട്ടുവീഴചയും ഉണ്ടാകില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. 20 മുതല്‍ 22 സീറ്റ്് വരെയും വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. സീറ്റുവിഭജന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് എം നിലപാട് കടുപ്പിച്ചതോടെ കോണ്‍ഗ്രസ ്‌കേരളാ കോണ്‍ഗ്രസ് സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കുകയാണ്.

---- facebook comment plugin here -----

Latest