അടൂര്‍ പ്രകാശ് ബിജു രമേശിന്റെ ‘പുതിയ ബന്ധു’വെന്ന് ടിഎന്‍ പ്രതാപന്‍

Posted on: March 17, 2016 7:29 pm | Last updated: March 18, 2016 at 10:45 am
SHARE

TN-Prathapan-Fullതിരുവനന്തപുരം: മന്ത്രി അടൂര്‍ പ്രകാശിനെതിരെ ശക്തമായ വിമര്‍ശനവുമായി ടിഎന്‍ പ്രതാപന്‍ രംഗത്ത്. മദ്യമുതലാളി ബിജു രമേശിന്റെ മന്ത്രിസഭയിലെ’പുതിയ ബന്ധു’വെന്നാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെ കോണ്‍ഗ്രസ് എംഎല്‍എ ടിഎന്‍ പ്രതാപന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അടൂര്‍ പ്രകാശ് യുഡിഎഫിന്റെ തുടര്‍ ഭരണത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവും പ്രതാപന്‍ ഫെയ്‌സ്ബുക്കില്‍ ഉന്നയിക്കുന്നുണ്ട്.

മെത്രാന്‍ കായലും കടമക്കുടിയും, കരുണ എസ്‌റ്റേറ്റും പീരുമേടിലെ ഭൂമിയും, പത്തനംതിട്ടയിലെ ഭൂമി പതിച്ചു നല്കിയതും തുടങ്ങി കെപിസിസി പ്രസിഡന്റിനെയും പാര്‍ട്ടിയെയും വെല്ലുവിളിക്കുന്ന സമീപനം വരെ കാണുമ്പോള്‍ ജനങ്ങള്‍ അടൂര്‍ പ്രകാശിനെ സംശയിക്കുമെന്നും പ്രതാപന്‍ പറയുന്നു. യു ഡി എഫ് സര്‍ക്കാരിനെ പൊതു സമൂഹത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനും ഭരണത്തുടര്‍ച്ച ഇല്ലാതാക്കി എല്‍ഡിഎഫിനെ അധികാരത്തില്‍ കൊണ്ട് വരുന്നതിനും ശ്രമിച്ചുവരുന്ന കേരളത്തിലെ പ്രമുഖ മദ്യക്കച്ചവടക്കാരനാണ് ബിജു രമേശ്. ആ ബിജു രമേശിന്റെ പുതിയ ബന്ധുവാണ് അടൂര്‍ പ്രകാശെന്ന് ആവര്‍ത്തിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതാപന്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം……..
യു ഡി എഫ് സര്‍ക്കാരിനെ പൊതു സമൂഹത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്താനും ഭരണത്തുടര്ച്ച ഇല്ലാതാക്കി എല് ഡി എഫിനെ അധികാരത്തില്‍ കൊണ്ട് വരുന്നതിനും ശ്രമിച്ചു വരുന്ന കേരളത്തിലെ പ്രമുഖ മദ്യക്കച്ചവടക്കാരനാണ് ബിജു രമേശ്.
എല് ഡി എഫുമായി പരസ്യവും രഹസ്യവുമായ ധാരണകള്‍ ഉണ്ടാക്കി, യു ഡി എഫിനെയും സര്ക്കാരിനെയും പൊതു സമൂഹത്തിനു മുമ്പില്‍ ദുര്ബലമാക്കാന്‍ ബിജു രമേശ് നടത്തിയ എല്ലാ ശ്രമങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും, കെ പി സി സി പ്രസിഡന്റ് വി. എം . സുധീരന്റെയും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ പാര്‍ട്ടിയും ഗവര്‍ന്മെന്റും അതിശക്തമായി പ്രതിരോധിച്ചതിന്റെ പേരില്‍ ഈ വെല്ലു വിളികളെ അതിജീവിക്കുക മാത്രമല്ല ചെയ്തത്, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി തുടര്‍ ഭരണം ഉണ്ടാകുമെന്ന ആത്മ വിശ്വാസം യു ഡി എഫ് പ്രവര്തകരിലും, പ്രതീക്ഷ പൊതു സമൂഹത്തിനും ഉണ്ടാക്കി എന്നത് അഭിമാനകരമാണ്.
യു ഡി എഫ് ഗവര്‌ന്മേന്റിനെ അട്ടിമറിക്കാന്‍ ആഗ്രഹിച്ച എല് ഡി എഫിന്റെ ഒത്തുകളിക്കാരന്‍ ബാറുടമ ബിജു രമേശ് തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍, ജനങ്ങള്‍ യു ഡി എഫിന്റെ തുടര്‍ഭരണം ആഗ്രഹിക്കുന്നു എന്ന് കണ്ടപ്പോള്‍, കെ പി സി സി പ്രസിഡന്റ് ശ്രി വി എം സുധീരന്‍ നയിച്ച ജന രക്ഷാ യാത്രയിലൂടെ കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകര്‍ പുത്തന്‍ ആവേശം നേടി എന്ന് കണ്ടപ്പോള്‍, ഈ മത്രിസഭയിലെ തന്റെ ‘പുതിയ ബന്ധു’വിലൂടെ സര്‍ക്കാര്‍ തുടരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ എന്ന് പൊതുജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ ആവില്ല .
മെത്രാന്‍ കായലും, കടമക്കുടിയും, കരുണ എസ്‌റ്റെറ്റും ഇടുക്കിയിലെ പീരുമേടിലെ ഭൂമികളും, പത്തനംതിട്ടയിലെ ഭൂമി പതിച്ചു നല്കിയതും, തുടങ്ങി കെ പി സി സി പ്രസിഡന്റ്‌നെയും പാര്‍ട്ടിയെയും വെല്ലു വിളിക്കുന്ന സമീപനം വരെ കാണുമ്പോള്‍ ജനങ്ങള്‍ വീണ്ടും സംശയിക്കുന്നു. മദ്യമുതലാളി ബിജു രമേഷിന്റെ ഈ മന്ത്രി സഭയിലെ ‘പുതിയ ബന്ധു’ യു ഡി എഫ് തുടര്‍ന്ന് അധികാരത്തില്‍ വരാതിരിക്കാന്‍ ബാര്‍ ഉടമകളുമായി ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന് സംശയമുയരും, കാരണം യു ഡി എഫ് മാറി എല് ഡി എഫ് വന്നാല്‍ ബാറുകള്‍ തുറന്നു കിട്ടുമെന്ന് മദ്യ മുതലാളിമാര്ക്ക് ഉറപ്പു ലഭിച്ചിട്ടുണ്ടല്ലോ.
ഇപ്പോള്‍ നെല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റ്‌ന്റെതുള്‌പ്പെടെയുള്ള വിഷയങ്ങളില്‍ പിടിവാശി കാണിക്കുന്നതും ഈ ഗൂഡാലോചനയുടെ അവസാന ഭാഗമാണോ?
ഇനിയും പലതും പ്രതീക്ഷിക്കാമോ?
ഞങ്ങള്‍ക്കാശങ്കയുണ്ട്.
സത്യം പറയുന്നവര്‍ക്ക് നേരെ,
തിരുത്തണമെന്ന് വിരല്‍ ചൂണ്ടി ആവശ്യപ്പെടുന്നവര്‍ക്കുനേരെ,
കല്ലെറിയരുത്…..
ടി. എന്‍. പ്രതാപന്‍ എം എല്‍ എ

LEAVE A REPLY

Please enter your comment!
Please enter your name here