ഖത്വര്‍ യൂനിവേഴ്‌സിറ്റി അഡ്മിഷന്‍ നിയമങ്ങളില്‍ മാറ്റം

Posted on: March 17, 2016 6:37 pm | Last updated: March 17, 2016 at 6:37 pm

qatar universityദോഹ: ഖത്വര്‍ യൂനിവേഴ്‌സിറ്റിയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനങ്ങളില്‍ മാറ്റം വരുത്തി. അഡ്മിഷന്‍, സമ്മര്‍ കോഴ്‌സുകള്‍, യു ജി വിദ്യാര്‍ഥികളുടെ പുനഃപ്രവേശം എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് യൂനിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് (സ്റ്റുഡന്റ് അഫയേഴ്‌സ്) ഡോ. ഖാലിദ് അല്‍ ഖന്‍ജി പറഞ്ഞു.
മെഡിസിന്‍, ഫാര്‍മസി ഒഴികെയുള്ള എല്ലാ കോളജുകളിലേക്കുമുള്ള പ്രവേശനത്തിന് ഹൈസ്‌കൂളില്‍ ചുരുങ്ങിയത് 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. മെഡിസിന്‍, ഫാര്‍മസി പ്രവേശനത്തിന് യഥാക്രമം 85, 80 ശതമാനം വീതം മാര്‍ക്ക് വേണം. അപേക്ഷിച്ച കോളജിന്റെ ജനറല്‍ പ്രോഗ്രാമിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഫൗണ്ടേഷന്‍ പ്രോഗ്രാമിലേക്ക് പ്രവേശനം ലഭിക്കാന്‍ ഫൗണ്ടേഷന്‍ യോഗ്യതകള്‍ ഉണ്ടായിരിക്കണം. മൂന്ന് അക്കാദമിക് സെമസ്റ്ററുകളും ഇന്റേണ്‍ഷിപ്പ് കണക്കാക്കി ഒരു സെമസ്റ്ററും ഉള്‍പ്പെടുത്തി പുതിയ അക്കാദമിക് കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്. ആദ്യ രണ്ട് സെമസ്റ്ററുകള്‍ യഥാക്രമം ജൂണ്‍ 26ന് തുടങ്ങി ജൂലൈ 28നും ആഗസ്റ്റ് 11നും അവസാനിക്കും. മൂന്നാം സെമസ്റ്റര്‍ ജൂലൈ 31ന് തുടങ്ങി ആഗസ്റ്റ് 25ന് അവസാനിക്കും. പുതിയ കലണ്ടര്‍ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് 12 ക്രെഡിറ്റ് മണിക്കൂറുകളും നാല് കോഴ്‌സുകളും ലഭിക്കും. നേരത്തെയിത് ഒമ്പത് ക്രെഡിറ്റ് മണിക്കൂറുകളും മൂന്ന് കോഴ്‌സുകളുമായിരുന്നു.
സ്ഥാപനത്തില്‍ നിന്ന് ഒഴിഞ്ഞുപോയതോ പുറത്താക്കിയതോ ആയ വിദ്യാര്‍ഥികള്‍ക്ക് അതേ കോളജില്‍ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം. സമ്മര്‍ ഒഴികെയുള്ള റഗുലര്‍ സെമസ്റ്റര്‍ കാലാവധിയില്‍ ചുരുങ്ങിയ സസ്‌പെന്‍ഷന്‍ പിരീഡ് പൂര്‍ത്തിയാക്കിയവരാകണം. ഇവര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ കോഴ്‌സുകളുടെ ജി പി എ സൂക്ഷിക്കണം. ഇവര്‍ക്ക് നാല് കോഴ്‌സുകളോ ഒരു സെമസ്റ്ററോ രേഖകളില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്. ഇത് പുനഃപ്രവേശന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നേടിയ കോഴ്‌സുകള്‍ മാറ്റാനും അപേക്ഷിക്കാം. ഓരോ കോഴ്‌സിനും സി യും അതിന് മുകളിലും സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആണ് ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയുള്ളൂ.