ദോഹ മെട്രോ കാത്ത് 63 ശതമാനം പേര്‍

Posted on: March 17, 2016 6:18 pm | Last updated: March 18, 2016 at 6:45 pm

Metroദോഹ: നിര്‍മാണം നടന്നു വരുന്ന ദോഹ മെട്രോയില്‍ യാത്രക്കു സന്നദ്ധമാണെന്ന് നഗരത്തിലെ 63 ശതമാനം പേര്‍. സമയലാഭത്തിനൊപ്പം ഗതഗാതക്കുരുക്കില്‍ നിന്നുള്ള മോചനവും സാമ്പത്തി ലാഭവുമാണ് യാത്രക്കാരെ മെട്രോ ട്രെയിനിലേക്ക് ആകര്‍ഷിക്കുന്നത്. മെട്രോ വരുന്നതോടെ നിരത്തില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയുമെന്നും റയില്‍ പദ്ധതികളെക്കുറിച്ച് നടത്തിയ പുതിയ പഠനം കണ്ടെത്തുന്നു. ജി സി സി ഗതാഗത വാരാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് ഖത്വര്‍ റയില്‍ അധികൃതര്‍ പുതിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന് അനുയോജ്യമായ യാത്രാ മാര്‍ഗമാണ് മെട്രോ എന്ന് റിപ്പോര്‍ട്ട് പറയുന്നു. റോഡപകടങ്ങള്‍ കുറക്കുന്നതിനും മെട്രോ സഹായിക്കും. രാജ്യാന്തര റിസര്‍ച്ച് സ്ഥാപനമായ ‘ഇപ്‌സോസ് മോറി’യാണ് റയില്‍ പദ്ധതികളെക്കുറിച്ച് പഠനം നടത്തിയത്. റയില്‍ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളുടെ പ്രതീക്ഷകളെക്കുറിച്ചായിരുന്നു സര്‍വേ. ദോഹ മെട്രോക്കു പുറമേ ലുസൈല്‍ ലൈറ്റ് റയില്‍ ട്രാന്‍സിറ്റ്, ദീര്‍ഘദൂര യാത്ര, ചരക്കു ട്രെയിന്‍ എന്നീ പദ്ധതികളും ജനം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു പേരും മെട്രോയില്‍ യാത്ര ചെയ്യാന്‍ തയാറാണ്. ഭൂരിഭാഗം പേരും മെട്രോ ഉപയോഗിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.
നഗരത്തിലെ പ്രധാന പ്രശ്‌നമായി ജനങ്ങള്‍ ഉന്നയിക്കുന്നത് ഗതാഗതക്കുരുക്കാണ്. അതുകൊണ്ടു തന്നെ 63 ശതമാനം പേരുടയും പ്രതീക്ഷ ദോഹ മെട്രോ, നഗരത്തിലെ ഗതാഗതക്കുരുക്കു കുറക്കുമെന്നതിലാണ്. വേഗത, സമയലാഭം, ഗതാഗതക്കുരുക്കില്‍നിന്നുള്ള മോചനം, സൗകര്യം, കുറഞ്ഞ ചെലവ് എന്നിവയാണ് മെട്രോയെ ഇഷ്ടപ്പെടാന്‍ യാത്രക്കാര്‍ മുഖ്യമായി കാണുന്നത്.
രൂക്ഷമായ ഗതാഗതക്കുരുക്കില്‍ നഗരത്തില്‍ ജോലി ചെയ്യുന്നവരുടെ മാനസിക പ്രശ്‌നങ്ങളും സമയനഷ്ടവുമെല്ലാം പരിഹരിക്കുന്നതിന് ദോഹ മെട്രോ പ്രധാന ഉപാധിയായിരിക്കുമെന്ന് സി ഇ ഒ ഡോ. എന്‍ജിനീയര്‍ സാദ് മുഹന്നദി പറഞ്ഞു. നഗരത്തില്‍ വസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് മികച്ച ബദല്‍ യാത്രാ മാര്‍ഗമായിരിക്കും മെട്രോ. റോഡില്‍ വാഹനങ്ങള്‍ കുറയുന്നതോടെ കൂടുതല്‍ സുരക്ഷിതത്വമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് ഏതാണ്ട് എല്ലാവര്‍ക്കും കാറുകളുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് രണ്ടും മൂന്നും കാറുകളുണ്ട്. ഓരോ വര്‍ഷവും കാറുകളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി റോഡുകള്‍ കൂടുതല്‍ കുരുക്കുള്ളതാകും. അപകടങ്ങളും വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍. 2030ല്‍ രാജ്യത്തെ ജനസംഖ്യ 36 ലക്ഷത്തിലെത്തുമെന്നാണ് പ്രവചനം. അതുകൊണ്ടു തന്നെ റോഡുകള്‍ക്ക് താങ്ങാനാകാത്തത്ര വാഹനങ്ങളും ഉണ്ടാകും. ഈ പ്രതിസന്ധിയെ മറി കടക്കുന്നതിന് സുരക്ഷിതമായ ഗതാഗത മാര്‍ഗം എന്ന നിലയിലാണ് റയില്‍ പദ്ധതി നടപ്പിലാക്കുന്നത്. ദോഹ മെട്രോ വരുന്നതോടെ റോഡിലെ വാഹന സാന്നിധ്യം 2021ല്‍ 20 ലക്ഷം ആയി ചുരുക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാര്‍ സ്വകാര്യ കാറില്‍ നിന്ന് മെട്രോയിലേക്കു മാറുമ്പോള്‍ യാത്രാ സമയത്തില്‍ വലിയ മാറ്റമാണ് വരികയെന്ന് പഠനം കണ്ടെത്തുന്നു. മിശൈരിബില്‍നിന്നും റയ്യാന്‍ സ്റ്റേഡിയം പ്രദേശത്തേക്കു പോകുന്നവര്‍ക്ക് കാറില്‍ സാധാരണ ഗതിയില്‍ 39 മിനിറ്റു സമയം വേണമെങ്കില്‍ മെട്രോയില്‍ 23.5 മിനിറ്റു കൊണ്ട് എത്തിച്ചേരാം. അതോടൊപ്പം 850 മണിക്കൂര്‍ പ്രകാശിപ്പിക്കാവുന്ന ഒരു വിളക്കിനു വേണ്ട ഊര്‍ജവും ലാഭിക്കപ്പെടും. മിശൈരിബ് സ്റ്റേഷനില്‍നിന്നും വെസ്റ്റ് ബേയിലേക്കുള്ള 4.6 കിലോമീറ്റര്‍ യാത്രക്ക് കാറില്‍ 20 മിനിറ്റു വേണ്ടി വരുമ്പോള്‍ മെട്രോയില്‍ അഞ്ചു മിനിറ്റുകൊണ്ട് എത്താം. ഹമദ് എയര്‍പോര്‍ട്ടില്‍നിന്നും മിശൈരിബിലേക്കുള്ള 14 കിലോമീറ്റര്‍ യാത്രാ സമയം പകുതിയായി കുറക്കാന്‍ മെട്രോക്കു സാധിക്കും.