Connect with us

Kerala

എതിരഭിപ്രായമുണ്ടെങ്കില്‍ ഉദുമയില്‍ നിന്ന് പിന്മാറാം: കെ സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം: എതിരഭിപ്രായം ഉണ്ടെങ്കില്‍ ഉദുമയില്‍ നിന്ന് പിന്മാറാമെന്ന് കെ സുധാകരന്‍. ഉദുമയിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതിന് കെ പി സി സി ഭാരവാഹി യോഗത്തില്‍ വിമര്‍ശനം ഉണ്ടായതിനാലാണ് പിന്മാറാനുള്ള സന്നദ്ധത സുധാകരന്‍ അറിയിച്ചത്. ഉദുമയിലെ യോഗത്തില്‍ സുധാകരന്‍ പങ്കെടുത്തതിനെ ഭാരവാഹി യോഗത്തില്‍ പി രാമകൃഷ്ണനാണ് വിമര്‍ശിച്ചത്.
പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് മത്സര സന്നദ്ധത അറിയിച്ചത്. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ മാറിനില്‍ക്കാമെന്നും കാസര്‍കോട് ഡി സി സി യോഗത്തില്‍ താന്‍ അറിയിച്ചിരുന്നു. വസ്തുതകള്‍ ഇതായിരിക്കെ ജില്ലയുടെ ചുമതലയുള്ള കെ പി സിസി ജനറല്‍ സെക്രട്ടറി മറ്റുപലതും പറയുന്നു. ഈ സാഹചര്യത്തില്‍ മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പാര്‍ട്ടിക്ക് നല്‍കിയ ഉറപ്പ് താന്‍ പിന്‍വലിക്കുകയാണെന്നും സുധാകരന്‍ യോഗത്തില്‍ അറിയിച്ചു. തന്റെ നിര്‍ദ്ദേശപ്രകാരമാണ് സുധാകരന്‍ കാസര്‍കോട് ഡി സി സി യോഗത്തില്‍ സംബന്ധിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കി. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആവശ്യപ്പെട്ടു. അരൂരില്‍ നടന്‍ സിദ്ദിഖിന്റെ പേര് പരിഗണിക്കുന്നതിനോട് അവിടുത്തെ പ്രവര്‍ത്തകര്‍ക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് തവണ മത്സരിച്ചവര്‍ സ്വയം ഒഴിയുകയോ അല്ലെങ്കില്‍ അവരെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് നേതൃത്വം നീക്കുകയോ ചെയ്യണമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. എന്‍ വേണുഗോപാലാണ് ഇക്കാര്യം ഉന്നയിച്ചത്. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിന് ആര്യാടന്‍ മുഹമ്മദിനെ മാതൃകയാക്കണം. ഒരു വ്യക്തിക്ക് ഓര്‍മ്മയുണ്ടയോ ഇല്ലയോ എന്നു നോക്കേണ്ടതില്ല. പാര്‍ട്ടിയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കാണ് സീറ്റ് നല്‍കേണ്ടത്. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തുടര്‍ന്ന് സംസാരിച്ചവരെല്ലാം ഈ നിര്‍ദേശത്തെ അനുകൂലിച്ചു. നാല് ടേം മത്സരിച്ചവര്‍ പിന്മാറണമെന്നത് ഒരു മാര്‍ക്ഷരേഖയായി അംഗീകരിക്കണമെന്ന് വി സി കബീറും ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണായുധം മദ്യനയം ആയിരിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയെ തോജോവധം ചെയ്യാന്‍ പലവിധ ശ്രമങ്ങളും നടക്കുന്നുണ്ട്. ബാര്‍, സോളാര്‍ വിഷയങ്ങള്‍ ഉയര്‍ന്നതിനു ശേഷം ഭരണത്തില്‍ അഴിമതിയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുണ്ട്. പൊതുസമൂഹം അതു അംഗീകരിക്കില്ല. സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. അതിനെല്ലാം ആവശ്യമായ പ്രചരണവും നല്‍കാനായി. ഇതിനെല്ലാം എതിരേ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളെല്ലാം ഒറ്റപ്പെട്ടു. വിവാദപരമായ തീരുമാനങ്ങള്‍ ഇനി സര്‍ക്കാരില്‍ നിന്ന് ഉണ്ടാകരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Latest