Connect with us

National

പെട്രോള്‍ 3.07, ഡീസല്‍ 1.90 രൂപ കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 3.07 രൂപയും ഡീസലിന് 1.90 രൂപയുമാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. രണ്ട് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഡീസലിന് വില വര്‍ധിപ്പിക്കുന്നത്. അവസാനമായി ഫെബ്രുവരി 29ന് പെട്രോളിന് 3.02 രൂപ കുറക്കുകയും ഡീസലിന് 1.47 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും ഒരുമിച്ച് വില വര്‍ധിപ്പിക്കുന്നത്.
പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായി ഏഴ് തവണയായി ചെറിയ തോതില്‍ കുറവ് വരുത്തിയതിന് ശേഷമാണ് വില വര്‍ധിപ്പിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധിച്ചതും ഡോളറിന്റെ വിനിമയ നിരക്കിലെ വ്യതിയാനവുമാണ് ഇന്ധന വില വര്‍ധനവിന് ഇടയാക്കിയതെന്നാണ് വിശദീകരണം.
അതേസമയം, അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഡോളറിന്റെ വിനിമയ നിരക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭാവിയിലും ഇന്ധന വിലയില്‍ പ്രതിഫലിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. ഇന്ധന ഉത്പാദനം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലോകത്തെ പ്രധാനപ്പെട്ട ഇന്ധന നിര്‍മാതാക്കളുടെ സമ്മേളനം ദോഹയില്‍ അടുത്ത മാസം നടക്കാനിരിക്കെയാണ് ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളിലെ വിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ രാജ്യാന്തര തലത്തില്‍ എണ്ണ ഉത്പാദക രാഷ്ട്രങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഏറെ പ്രകടമായിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവിലൂടെ ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു. രാജ്യത്ത് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചും മറ്റും വില താഴാതെ നോക്കാനാണ് പൊതുമേഖല എണ്ണക്കമ്പനികളും സര്‍ക്കാറും ശ്രദ്ധിച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാതീതമായി താഴ്ന്ന സമയത്തും പലപ്പോഴും നാമമാത്രമായാണ് രാജ്യത്ത് വിലയിടിവ് അനുഭവപ്പെട്ടത്. അന്താരാഷ്ട്രതലത്തില്‍ വില വര്‍ധിച്ചുതുടങ്ങിയതോടെ കുറച്ചതിന്റെ ഏഴിരട്ടിവരെയാണ് ഇപ്പോള്‍ കൂട്ടിയത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest