സുധാകരന്‍ ഉദുമയില്‍ തന്നെ; കണ്ണൂരിലാര്..?

Posted on: March 15, 2016 6:00 am | Last updated: March 15, 2016 at 12:17 am
SHARE

sudhakaranകണ്ണൂര്‍ : കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. കോണ്‍ഗ്രസ്സിന് എക്കാലത്തും നല്ല പ്രതീക്ഷയുണ്ടായിരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ ഇക്കുറി ആരു മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ ഇനിയും കോണ്‍ഗ്രസ്സിനായിട്ടില്ല. നേരത്തെ മണ്ഡലത്തില്‍ പറഞ്ഞു കേട്ട പേര് കെ സുധാകരന്റെതായിരുന്നെങ്കിലും സുധാകരന്‍ കാസര്‍കോഡ് ജില്ലയിലെ ഉദുമയിലേക്ക് മാറാന്‍ ഇന്നെലത്തെ ചര്‍ച്ചകളില്‍ ധാരണയായി. എല്‍ ഡി എഫിന്റെ സീറ്റ് പിടിച്ചെടുക്കാന്‍ സുധാകരന്‍ ഉദുമയില്‍ വേണമെന്ന് ഇവിടുത്തെ ലീഗ് നേതൃത്വവും നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. സുധാകരനും കണ്ണൂരിനേക്കാള്‍ താത്പര്യം ഉദുമയാണെന്നതിനാല്‍ ഇക്കാര്യത്തില്‍ മറ്റു ചര്‍ച്ചകളുടെ ആവശ്യമുണ്ടായില്ല. ഇതോടെയാണ് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
സിറ്റിംഗ് എംഎല്‍എയായ എ പി അബ്ദുല്ലക്കുട്ടി ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പുതിയ പാനലിലുള്ളത്. കെ സുധാകരനുവേണ്ടി അബ്ദുല്ലക്കുട്ടി മാറിനില്‍ക്കണമെന്ന ആവശ്യം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഐ ഗ്രൂപ്പില്‍നിന്നുതന്നെ ഉയര്‍ന്നിരുന്നു.
സുധാകരന്‍ കണ്ണൂര്‍ സീറ്റിനുള്ള അവകാശവാദം ഉപേക്ഷിച്ച് ഉദുമയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേയുള്ള വലിയ ഭീഷണി ഒഴിഞ്ഞു. എന്നാല്‍ കെ സുരേന്ദ്രനും പാച്ചേനിയും വലിയ കടമ്പകളായി അബ്ദുല്ലക്കുട്ടിയുടെ മുന്നിലുണ്ട്. അബ്ദുല്ലക്കുട്ടിക്ക് മണ്ഡലത്തില്‍ വിജയ സാധ്യതയുണ്ടെങ്കിലും ദീര്‍ഘകാലം കോണ്‍ഗ്രസില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത് നേതൃത്വത്തിന് അവഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മുറുകിയാല്‍ അബ്ദുല്ലക്കുട്ടിക്ക് മാറി നില്‍ക്കേണ്ടി വരും.
എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ ഏതെങ്കിലും പിടിച്ചെടുക്കാന്‍ അബ്ദുല്ലക്കുട്ടിയെ നിയോഗിക്കണമെന്നും നിര്‍ദേശങ്ങളുയര്‍ന്നിട്ടിണ്ട്. എന്നാല്‍ അത്തരമൊരു പരീക്ഷണത്തിന് അബ്ദുല്ലക്കുട്ടി മുതിരില്ലെന്നാണ് സൂചന.
കോണ്‍ഗ്രസ് വിമതരെയും സ്വതന്ത്രരെയും ഒപ്പം നിര്‍ത്തി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കണ്ണൂരില്‍ അധികാരത്തിലേറാന്‍ സാധിച്ച സി പി എം ഇത്തവണയും അത്തരമൊരു തന്ത്രത്തിനാണ് മുതിരുന്നത്. കണ്ണൂരില്‍ യു ഡി എഫിന് ഭീഷണിയായ പി കെ രാഗേഷിന്റെ സഹായം സി പി എം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്നുണ്ട്. കടുത്ത പോരാട്ടത്തിന് സാധ്യതയുള്ളമണ്ഡലത്തില്‍ എല്‍ ഡി എഫ് പുതിയ സാഹചര്യത്തില്‍ വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. അതിനാല്‍ യു ഡി എഫിന്റെ ഏതെങ്കിലും കോണുകളില്‍ നിന്നുള്ള വിമത നീക്കം പ്രോത്സാഹിപ്പിക്കാനും സി പി എം തീരുമാനിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് രാഗേഷ് പ്രഖ്യാപിച്ചിട്ടുമുണ്ട്. താന്‍ ഉന്നയിച്ച സംഘടനാപരമായ പ്രധാനമായ ആവശ്യങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് സ്വതന്ത്രസ്ഥാനാര്‍ഥിയായി ജനവിധി തേടുമെന്നാണ് രാഗേഷ് നിലപാട് അറിയിച്ചിരിക്കുന്നത്. രാഗേഷിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ബോര്‍ഡുകള്‍ ഇതിനകം മണ്ഡലത്തില്‍ ഉയര്‍ന്നു കഴിഞ്ഞു. രാഗേഷിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ സംരക്ഷണ സമിതിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ രാഗേഷുമായി ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്ന് ഇന്നലെ കോണ്‍ഗ്രസ്സിന്റെ ഇന്നത നേതൃത്വം അറിയിച്ചതാണ് സൂചന. അങ്ങിനെയാണെങ്കില്‍ സി പി എം പൊതു സ്വതന്ത്രനെയോ സി പി എമ്മിന്റെ ഉന്നത നേതാക്കളിലാരെയെങ്കിലുമോ കണ്ണൂരില്‍ മത്സരിപ്പിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here