ആറളത്ത് 148 ഇനം പക്ഷികളെ കൂടി കണ്ടെത്തി

Posted on: March 15, 2016 6:00 am | Last updated: March 15, 2016 at 12:03 am
ആറളത്ത് പുതുതായി കണ്ടെത്തിയ റിപ്ലിമൂങ്ങ
ആറളത്ത് പുതുതായി കണ്ടെത്തിയ റിപ്ലിമൂങ്ങ

ആറളം: അത്യപൂര്‍വമായി കണ്ടുവരുന്ന നിരവധി പക്ഷികളടക്കം 148 ഇനം പക്ഷികളെകൂടി ആറളം വന്യജീവി സങ്കേതത്തില്‍ കണ്ടെത്തി. വന്യജീവി സങ്കേതത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ താമസിച്ചാണു പക്ഷികളുടെ കണക്കെടുപ്പ് നടത്തിയത്. രാജ്യത്തുതന്നെ ആറളത്തു മാത്രമാണു തുടര്‍ച്ചയായി പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരത്തില്‍ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്. ഇതോടെ ആറളം വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയിട്ടുള്ള ആകെ പക്ഷി ഇനങ്ങളുടെ എണ്ണം 241 ആയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ ജ്യോതിപ്രകാശ് അറിയിച്ചു.
വന്യജീവി സങ്കേതത്തില്‍ കണ്ടെത്താത്ത റിപ്ലി മൂങ്ങ, കേരളത്തില്‍ അത്യപൂര്‍വമായി കണ്ടുവരുന്ന പാണ്ടന്‍ വേഴാമ്പല്‍, മലമുഴക്കി വേഴാമ്പല്‍ എന്നിവയും സര്‍വേയില്‍ കണ്ടെത്തിയ പക്ഷികളില്‍പ്പെടുന്നു. കേരള വനംവന്യജീവി വകുപ്പിന്റെയും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ മൂന്ന് ദിവസമായി ആറളത്തു നടന്ന പക്ഷിസര്‍വേ സമാപിച്ചു. ആറളത്തു തുടര്‍ച്ചയായി നടക്കുന്ന പതിനേഴാമത്തെ സര്‍വേയാണിത്. പ്രശസ്ത പക്ഷി നിരീക്ഷകരായ പി പ്രമോദ് (സലിം അലി സെന്റര്‍, കോയമ്പത്തൂര്‍), കെ വി ഉത്തമന്‍ ഡി സി എഫ്, സത്യന്‍ മേപ്പയൂര്‍, ഡോ. ജാഫര്‍ പാലോട്ട് (സെഡ് എസ് ഐ, കോഴിക്കോട്), വി സി ബാലകൃഷ്ണന്‍, ശശിധരന്‍ മനേക്കര തുടങ്ങി തെന്നിന്ത്യയിലെയും ലക്ഷദ്വീപിലെയും 80 ഓളം പക്ഷി നിരീക്ഷകരും സര്‍വേയില്‍ പങ്കെടുത്തു.