സ്ത്രീകള്‍ക്ക് കരിയര്‍; മികച്ച സാധ്യതകള്‍ യു എ ഇയിലും ഖത്വറിലുമെന്ന് പഠനം

Posted on: March 14, 2016 3:21 pm | Last updated: March 14, 2016 at 3:21 pm
SHARE

women jobഅജ്മാന്‍:പ്രവാസികളായ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും തങ്ങളുടെ ഉദ്യോഗ സാധ്യതകള്‍ വര്‍ധിപ്പിക്കാനും സാധിക്കുന്ന രാജ്യങ്ങളില്‍ ഖത്വറും യു എ ഇയും ഹോങ്കോംഗും മുന്നില്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എച്ച് എസ് ബി സി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
25 രാജ്യങ്ങളില്‍ നിന്നുള്ള 10,000ത്തോളം സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്. കരിയര്‍ വികാസ സാധ്യത, വരുമാന വര്‍ധനവ്, പണം സമ്പാദിക്കാനുള്ള മാര്‍ഗം, മികച്ച ജീവിത നിലവാരം, മികച്ച സാമൂഹികാന്തരീക്ഷം, എളുപ്പത്തില്‍ താമസ സൗകര്യമൊരുക്കുന്ന കാര്യം എന്നിങ്ങനെ ആറ് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ ജോലി സാധ്യത കൂടുതലുള്ളത് ഹോങ്കോംഗിലാണെന്നാണ് 63 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഖത്വര്‍, യു എ ഇ എന്നീ രാജ്യങ്ങളോടാണ് സ്ത്രീകള്‍ക്ക് പ്രിയം.
തങ്ങളുടെ മാതൃ രാജ്യങ്ങളിലേതിനേക്കാള്‍ വരുമാനത്തിലും നിക്ഷേപത്തിലും ഇന്‍സെന്റീവിലും ജോലി സാധ്യതയിലുമെല്ലാമുള്ള പുരോഗതിയാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ കാരണമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തില്‍ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ ഖത്വറിനാണ് ഒന്നാം സ്ഥാനം. ഇവിടെ നിന്ന് ലഭിക്കുന്ന സമ്പാദ്യത്തില്‍ 73 ശതമാനം ചെലവ് കഴിഞ്ഞ് സൂക്ഷിക്കാനാകുന്നു. യു എ ഇയാണ് ഇക്കാര്യത്തില്‍ പരിഗണനയുള്ള രണ്ടാമത്തെ രാജ്യം. സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേരും ഇതാണ് അഭിപ്രായപ്പെട്ടത്. സാമ്പത്തികനേട്ടത്തിന്റേയും തൊഴിലാളികള്‍ക്കായുള്ള ക്ഷേമ പദ്ധതികളുടെയും കാര്യത്തില്‍ 88 ശതമാനം പേര്‍ക്ക് ഖത്വറിന് അനുകൂലമായി നിന്നപ്പോള്‍ 87 ശതമാനം പേര്‍ യു എ ഇയുടെ പേരാണ് നിര്‍ദേശിച്ചത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ ഹോങ്കോംഗിന് പുറമെ ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് സ്ത്രീ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുന്നത്. നേരത്തെ അധ്യാപകര്‍ക്കിടയില്‍ വിച്ച്‌സ്‌കൂള്‍ അഡ്‌വെയ്‌സര്‍ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് നടത്തിയ പഠനത്തിലും കുടുതല്‍ പേര്‍ തൊഴിലെടുക്കാനാഗ്രഹിക്കുന്ന രാജ്യങ്ങളില്‍ ഖത്വറും ഹോങ്കോംഗും ഇടംപിടിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് വിദ്യാഭ്യാസ മേഖലയിലാണ്, 19 ശതമാനം. 12 ശതമാനം പേര്‍ മാധ്യമപ്രവര്‍ത്തനം, മാര്‍ക്കറ്റിംഗ്, ധനകാര്യ സേവന മേഖലയിലും ജോലി ചെയ്യുന്നു.