ആയുഷ് മന്ത്രാലയത്തില്‍ മുസ്‌ലിംകള്‍ക്ക് നിയമനമില്ല

Posted on: March 12, 2016 1:13 pm | Last updated: March 12, 2016 at 10:20 pm
SHARE

modi2ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലേക്ക് യോഗ പരിശീലിപ്പിക്കാന്‍ മുസ്ലിംകളെ പരിഗണിക്കണ്ട എന്നതാണ് മോഡി സര്‍ക്കാരിന്റെ നയമെന്ന് മന്ത്രാലയത്തിന്റെ വിവരാവകാശ രേഖ. ദ മില്ലി ഗസറ്റ് എന്ന സ്ഥാപനത്തിലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറായ പുഷ്പ ശര്‍മ്മ നല്‍കിയ വിവരാവകാശത്തിനു ലഭിച്ച മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആചരിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തോട് അനുബന്ധിച്ച് യോഗ പരിശീലിപ്പിക്കാന്‍ മുസ്ലിംകളായ യോഗ പരിശീലകരെ തെരഞ്ഞെടുത്തിട്ടുണ്ടോ എന്നും, ഉണ്ടെങ്കില്‍ തന്നെ എത്രപേരെ തെരഞ്ഞെടുത്തെന്നും, എത്ര മുസ്ലിംകള്‍ ഇതിനായി അപേക്ഷിച്ചെന്നുമുളള വിവരങ്ങളാണ് പുഷ്പ ശര്‍മ്മ വിവരാവകാശത്തിലൂടെ ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

2015 ഒക്ടോബര്‍ വരെ 3841 മുസ്ലിംകളാണ് യോഗ അധ്യാപകരുടെയും പരീശീലകരുടെയും തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഒരാളെപ്പോലും ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിട്ടില്ല. വിവരാവകാശ രേഖയെ ഉദ്ധരിച്ച് മില്ലി ഗസറ്റ് പറയുന്നു. കേന്ദ്ര സര്‍ക്കാറിന്റെ നയമനുസരിച്ച് ഒരു മുസ്ലിമിനെയും ഞങ്ങള്‍ ഇതിലേക്ക് തെരെഞ്ഞെടുക്കുകയോ വിദേശത്തേക്ക് അയക്കുകയോ ചെയ്യുന്നില്ല എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ആയുര്‍വേദം, യോഗ, നാചുറോപ്പതി,യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക വിഭാഗമാണ് ആയുഷ്.

അതേസമയം ആയുഷ് മന്ത്രാലയത്തിലെ നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ പ്രകാരം പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് ആയുഷ് മന്ത്രി പഠ്‌നായിക് അവകാശപ്പെട്ടു. വിവാദത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് സി.പി.എം വിമര്‍ശിച്ചു. തീരുമാനം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here