മെഡിക്കല്‍ രംഗത്ത് ഏകീകൃത ലൈസന്‍സ്; യോഗ്യതയില്ലാത്തവര്‍ക്ക് ജോലി പോകും

Posted on: March 10, 2016 7:52 pm | Last updated: March 12, 2016 at 2:11 pm

doctorദോഹ: രാജ്യത്ത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് കേന്ദ്രീകൃത ലൈസന്‍സ് വരുന്നു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്‌സ്, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പ്രാക്ടീഷനേഴ്‌സ് പ്രൊഫഷനലുകളെല്ലാം പുതിയ രീതി അനുസരിച്ച് രജിസ്റ്റര്‍ ചെയ്യണം. ഈ വിഭാഗങ്ങളില്‍ രാജ്യത്ത് 25000 പ്രൊഫഷനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
ലൈസന്‍സ് എടുക്കുന്നതിനു മുമ്പ് പ്രൊഫഷനല്‍ ഡവലപ്‌മെന്റ് കോഴ്‌സില്‍ പങ്കെടുക്കുകയും വേണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കു മാത്രമേ ലൈസന്‍സ് പുതുക്കാനാകൂ. പരിശീലനത്തിലൂടെ ഓരോ പ്രാക്ടീഷണര്‍മാരും കുറഞ്ഞത് 80 ക്രെഡിറ്റുകള്‍ രണ്ടു വര്‍ഷത്തിനകം നേടിയിരിക്കണം. ഇതില്‍ പരാജയപ്പെടുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. പ്രൊഫഷനലുകളുടെ ക്രെഡിറ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് ഇ ഡാറ്റാബേസ് തയാറാക്കുക. രാജ്യത്തെ ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമായാണ് പരിഷ്‌കരണം കൊണ്ടു വരുന്നത്. രണ്ടു വര്‍ഷം പ്രവര്‍ത്തിക്കാത്ത പ്രാക്ടീഷണര്‍മാരുടെ ലൈസന്‍സും റദ്ദാക്കും. വീണ്ടും ലഭിക്കുന്നതിന് നടപട്രക്രമങ്ങള്‍ ആവര്‍ത്തിക്കണം.
ആരോഗ്യ രംഗത്തെ എല്ലാ പ്രൊഫഷനലുകളും ഒരു പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ ഒരു അതോറിറ്റിയുയെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. പുതിയ രീതികള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മൂന്നു മാസത്തിനകം ലൈസന്‍സ് പുതുക്കേണ്ടവര്‍ പുതിയലൈസന്‍സിന് അപേക്ഷിക്കേണ്ടതില്ല.
ലൈസന്‍സ് പുതുക്കുമ്പോള്‍ പുതിയ രീതിയിലേക്കു മാറിയാല്‍ മതി. രണ്ടു വര്‍ഷത്തില്‍ താഴെ ലൈസന്‍സ് കാലാവധിയുള്ളവര്‍ പുതി രീതിയിലേക്കു മാറണം. കോംപ്ലിമെന്ററി മെഡിസിന്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെ പുതിയ ലൈസന്‍സിംഗ് രീതിയുടെ ഭാഗമാകണമെന്ന് ക്യു സി എച്ച് പി. സി ഇ ഒ സമര്‍ അബുല്‍ സഊദ് പറഞ്ഞു.
ഖത്വറില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് മികച്ചതും ലോകോത്തരവുമായ പരിചരണം ലഭിക്കേണ്ടതുണ്ടെന്നും അത് ഉറപ്പു വരുത്തുന്നതിനുകൂടിയാണ് പ്രാക്ടീഷണര്‍മാര്‍ക്ക് കാലിക പരിശീലനം നിബന്ധനയാക്കിക്കൊണ്ടുള്ള ലൈസന്‍സിംഗ് സമ്പ്രദമായം നടപ്പിലാക്കുന്നതെന്നും ആരോഗ്യ മന്ത്രി ഹന്ന അല്‍ കുവാരി പറഞ്ഞു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രാക്ടിക്കല്‍, അക്കാദമിക്, കണ്‍വീനിയന്റ്പരിജ്ഞാനങ്ങളും യോഗ്യതകളും നിര്‍ബന്ധമാണെന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് മെഡിക്കല്‍ പ്രൊഫഷനലുകള്‍ക്ക് പരിശീലനം നല്‍കുന്ന 10 അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ മൂന്ന് ഓണ്‍ലൈന്‍ പരിശീലന സ്ഥാപനങ്ങളുമുണ്ട്. ഈ രംഗത്ത് കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കും.