Connect with us

International

അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള നീക്കം നിയമവിരുദ്ധം: യു എന്‍

Published

|

Last Updated

ബ്രസല്‍സ്: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാനുള്ള തീരുമാനം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കി. തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മില്‍ ധാരണയായ ഈ കരാറിനെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി വിഷയം കൈകാര്യം ചെയ്യുന്ന യു എന്‍ എച്ച് സി ആര്‍ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ചു. മനുഷ്യാവകാശലംഘനങ്ങള്‍ വ്യാപകമായി സംഭവിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂനിയന്റെ മനുഷ്യാവകാശ നിയമപ്രകാരം വിദേശികളെ കൂട്ടംകൂട്ടമായി പുറത്താക്കുന്നത് നിയമവിരുദ്ധമാണെന്ന് യു എന്‍ എച്ച് സി ആര്‍ യൂറോപ് റീജ്യനല്‍ ഡയറക്ടര്‍ വിന്‍സെന്റ് കോക്‌ഹെതല്‍ ജനീവയില്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയന്‍ നിയമങ്ങള്‍ക്ക് മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിക്കുന്ന തീരുമാനമാണ് യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മില്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കി വഴി യൂറോപ്പിലേക്കെത്തിയ മുഴുവന്‍ അഭയാര്‍ഥികളെയും തിരിച്ചെടുക്കുമെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പ്രതിഫലമായി വന്‍ തുകയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ യൂറോപ്യന്‍ യൂനിയനില്‍ തുര്‍ക്കിക്ക് അംഗത്വം നല്‍കുന്നതിനുള്ള ചര്‍ച്ച വേഗത്തിലാക്കുക, തുര്‍ക്കി പൗരന്‍മാര്‍ക്ക് വിസാ ഫ്രീ യാത്ര തുടങ്ങിയവയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.