അല്‍ ഖോര്‍ സ്റ്റേഡിയം ഒരുക്കുന്നത് നൂതന ശബ്ദ ക്രമീകരണത്തോടെ

Posted on: March 9, 2016 7:55 pm | Last updated: March 10, 2016 at 7:46 pm

stadiumദോഹ: 2022 ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനല്‍ മത്സരം നടക്കുന്ന അല്‍ ഖോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്നത് അവിസ്മരണീയ ശബ്ദക്രമീകരണ സംവിധാനം. 60000 പേരെ ഉള്‍ക്കൊള്ളുന്ന അറബ് ലോകത്തിന്റെ സാംസ്‌കാരിക മികവും പാരമ്പര്യ ആതിഥേയ മാതൃകകളും സമ്മേളിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
ബദുവിയന്‍ ടെന്റിന്റെ രൂപത്തിലുള്ളതാണ് സ്റ്റേഡിയം. 14 മീറ്റര്‍ ഉയരത്തിലുള്ള ചെറുകുന്നിന്റെ മുകളിലായാണ് ടെന്റിന്റെ മാതൃകയിലുള്ള സ്റ്റേഡിയം സ്ഥിതി ചെയ്യുക. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മികച്ച ശബ്ദക്രമീകരണം ഏര്‍പ്പെടുത്താനാകും. ഇത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മികച്ച അനുഭവമാകുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) പ്രൊജക്ട് മാനേജര്‍ മുഹമ്മദ് അല്‍ അമീന്‍ അബ്ദുല്ല അഹ്മദ് പറഞ്ഞു. രൂപകല്‍പ്പന ചെയ്ത സ്റ്റേഡിയങ്ങളില്‍ അധികവും തുറന്ന നിലയിലുള്ളതാണ്. അത്തരം സ്റ്റേഡിയങ്ങളില്‍ കാണികളുടെ ആര്‍പ്പുവിളികളും മറ്റ് ശബ്ദങ്ങളും പുറത്തേക്ക് ഒഴുകിപ്പരക്കും. ശബ്ദം ഉള്ളില്‍ തങ്ങിനില്‍ക്കില്ല. അതേസമയം, അടച്ചുകെട്ടിയ സ്റ്റേഡിയത്തിലെ ശബ്ദങ്ങള്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥയിലാണ് രൂപകല്‍പ്പന ചെയ്തത്. സ്റ്റേഡിയത്തിലെ ശബ്ദത്തിന്റെ ഡെസിബല്‍ അളവ് പരിശോധിച്ചാണ് ആര്‍കിടെക്ചര്‍ ടീം രൂപകല്‍പ്പന ചെയ്യുന്നത്. ജര്‍മന്‍ ആര്‍കിടെക്ട് കമ്പനി ജി എം പി ആണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന ചെയ്യുന്നത്. ഇവര്‍ മാസം തോറും സൈറ്റില്‍ വര്‍ക്‌ഷോപ്പ് നടത്താറുണ്ട്.
സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പ്രധാന ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ആദ്യ കോണ്‍ക്രീറ്റ് പൈലുകള്‍ പാകി. പൈലുകളുടെ പരമാവധി ആഴം 21 മീറ്റര്‍ ആയിരിക്കും. പൈലിംഗ് പ്രവൃത്തി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. 2018ഓടെ സ്റ്റേഡിയം യാഥാര്‍ഥ്യമാകും. ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 32000 ആക്കി കുറക്കും.