വിവാഹ മോചനം: കേസ് ഒത്ത്തീര്‍പ്പായതായി ടി സിദ്ദീഖ്

Posted on: March 9, 2016 10:25 am | Last updated: March 9, 2016 at 10:39 am

t siddhiqueകോഴിക്കോട്: വിവാഹമോചനത്തെ തുടര്‍ന്ന് മുന്‍ ഭാര്യ നസീമയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ത്തതായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ്. തങ്ങള്‍ക്ക് പരസ്പരം പ്രശ്‌നങ്ങളില്ലെന്നും കേസുകളില്‍ നിന്നെല്ലാം പിന്‍വാങ്ങുന്നുവെന്നും ഫേസ്ബുക്ക് പേജിലൂടെ സിദ്ദീഖ് വെളിപ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കാണിച്ച് ഇരുവരും ഒപ്പിട്ട സംയുക്ത പ്രസ്താവനയും സിദ്ദീഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എം എല്‍ എമാരായ കെ എം ഷാജി, ശാഫി പറമ്പില്‍ എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഒത്ത്തീര്‍പ്പെന്ന് സിദ്ദീഖ് പറഞ്ഞു.

വിവാഹമോചനത്തെ തുടര്‍ന്ന് പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നു. കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചും നസീമയുടെ ഭാവി ജീവിതവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയങ്ങളിലടക്കം പരസ്പരം ധാരണയിലെത്തിയിട്ടുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമ നടപടികളില്‍ നിന്നും പിന്‍വാങ്ങുന്നു. പരസ്പരം കൊടുത്ത കേസുകള്‍ പിന്‍വലിക്കും. ഇതുസംബന്ധമായി നിലനില്‍ക്കുന്ന എല്ലാവിധ ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട് നേരത്തെ നസീമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടി സിദ്ദീഖ് കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെ രാജി വെച്ചിരുന്നു. ആരോപണ മുക്തനാകുന്നത് വരെ സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നായിരുന്നു സിദ്ദീഖ് അന്ന് പറഞ്ഞിരുന്നത്.

നേരത്തെ സിദ്ദീഖ് തന്നെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് കടുത്ത ആരോപണങ്ങള്‍ നസീമ ഉന്നയിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സിദ്ദീഖ്കൂടി രംഗത്തെത്തിയതോടെ പ്രശ്‌നം രൂക്ഷമായി. ഇതുമായി ബന്ധപ്പെട്ട് നിരവധി വാഗ്വാദങ്ങള്‍ നടക്കുകയും ഒടുവില്‍ നസീമ സിദ്ദീഖിനെതിരെ നിയമ നടപടി സ്വീകരിച്ചു. ഈ പ്രശ്‌നമാണ് മദ്യസ്ഥ ശ്രമത്തിലൂടെ പരിഹരിച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ സിദ്ദീഖ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചില മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ പേര് സജീവ പരിഗണനയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിദ്ദീഖ് തോറ്റങ്കിലും സി പി എം ഉരുക്കുകോട്ടയില്‍ കടുത്ത പോരാട്ടം തന്നെ പുറത്തെടുത്തിരുന്നു.

 

മുൻ ഭാര്യ നസീമയുമായുള്ള വിവാഹമോചനത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തിയിരിക്കുന്നു. കുടുംബാംഗങ്ങളും സുഹൃത്തു…

Posted by Adv T Siddique on Tuesday, March 8, 2016