Connect with us

International

കാത്തിരിപ്പിന്റെ രണ്ട് വര്‍ഷം; ദുരൂഹതയുടെയും

Published

|

Last Updated

മലേഷ്യന്‍ വിമാനം കാണാതായതിന്റെ ദുഃഖാചരണം നടത്തുന്നതിനിടെ പൊട്ടിക്കരയുന്നയാള്‍

ക്വലാലംപൂര്‍: കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും തീവ്രത നിറഞ്ഞ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ദുരുഹത ബാക്കിയാക്കി മലേഷ്യന്‍ വിമാനം കാണാതായതിന്റെ ദുഃഖ മുഹൂര്‍ത്തങ്ങളുടെ ഓര്‍മകളില്‍ ലോകം മൗനിയായി. അതിനൂതന സാങ്കേതിക വിദ്യകളുടെ മുന്നേറ്റങ്ങളില്‍ ഊറ്റം കൊള്ളുമ്പോഴും മലേഷ്യന്‍ വിമാനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ശാസ്ത്ര ലോകത്തെ പരിഹസിക്കുകയാണ്. ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആസ്‌ത്രേലിയ വന്‍കരകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദഗ്ധരും ശാസ്ത്രജ്ഞരും ഒരുമിച്ചിട്ടും വിമാനം കാണാതായതിന് പിന്നിലെ ദുരൂഹത നീക്കാന്‍ സാധിച്ചിട്ടില്ല. 130 ദശലക്ഷം ഡോളറാണ് ഇതിനകം തിരച്ചിലിന് വേണ്ടി വിവിധ രാജ്യങ്ങള്‍ ചെലവഴിച്ചത്.

എങ്കിലും ശുഭാപ്തി വിശ്വാസത്തിലാണ് കാണാതായ 239 ജനങ്ങളുടെ ബന്ധുക്കളും അന്വേഷണത്തിന് കാര്‍മികത്വം വഹിക്കുന്ന മലേഷ്യ, ആസ്‌ത്രേലിയ അധികൃതരും നിലകൊള്ളുന്നത്. വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നും ദുരൂഹത ഉടന്‍ നീങ്ങുമെന്നും മലേഷ്യന്‍ പ്രസിഡന്റ് നജീബ് റസാഖ് പറയുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിക്കപ്പെട്ടത്. പാര്‍ലമെന്റില്‍ ദുഃഖാചരണം നടത്തിയിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ ജനങ്ങളും പങ്കുചേര്‍ന്നു.

ക്വലാലംപൂരിനും ബീജിംഗിനും ഇടയില്‍വെച്ചാണ് 2014 മാര്‍ച്ച് എട്ടിന് വിമാനം കാണാതാകുന്നത്. വിമാനം സമുദ്രത്തില്‍ വീണുവെന്ന അനുമാനമാണ് ഗവേഷകര്‍ക്കുള്ളത്. വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന ചില ഭാഗങ്ങള്‍ സമുദ്രത്തില്‍ നിന്ന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. വിമാനം കാണാതായതുമായി ബന്ധപ്പെട്ട ദുരൂഹതയെ കുറിച്ച് അന്വേഷിക്കാന്‍ മലേഷ്യ, ചൈന, അമേരിക്ക, ആസ്‌ത്രേലിയ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ നിയോഗപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ അന്വേഷണത്തിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

Latest