Connect with us

Articles

രാജ്യദ്രോഹവും രാജ്യസ്‌നേഹവും

Published

|

Last Updated

“”ഇന്ത്യാ, നിന്റെ വയറ്റില്‍ പിറന്നതിന്റെ നാണം മറയ്ക്കാന്‍ ഒരു ദേശീയ പതാക പോലുമില്ലാതെ ഞാന്‍ ചൂളിയുറഞ്ഞുപോകുന്നു””വെന്ന് സച്ചിദാനന്ദന്‍ തന്റെ വിശപ്പ് എന്ന കവിതയില്‍ രോഷം കൊള്ളുന്നുണ്ട്. 1970-കളിലെ പ്രക്ഷുബ്ധമായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ എഴുതപ്പെട്ട ആ കവിത ദാരിദ്ര്യവും പട്ടിണിയും കലാപങ്ങളിലേക്കുള്ള രാജപാതയാണെന്ന് ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ചത്ത കുഞ്ഞിന്റെ മൃതശരീരവും പേറി അതിന്റെ പങ്ക് കഞ്ഞിക്കുവേണ്ടിപോലും ക്യൂ നില്‍ക്കുന്ന അമ്മമാരുടെ ദുഃഖകരമായ കാഴ്ചകളുടെ പശ്ചാത്തലമായിരുന്നു സച്ചിദാനന്റെ വരികളിലൂടെ സ്‌ഫോടനാത്മകമായി വരച്ചുകാട്ടപ്പെട്ടത്. സച്ചിദാനന്ദന്റെ ഈ വരികള്‍ ഇപ്പോള്‍ ഓര്‍മിക്കേണ്ടിവരുന്നത് പട്ടിണിയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവക്യം വിളിച്ച ജെ എന്‍ യു യൂനിയന്‍ ചെയര്‍മാന്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്ന അത്യന്തം രോഷജനകമായ സാഹചര്യത്തിലാണ്.
രാജ്യദ്രോഹം രാജ്യതന്ത്രമാക്കി ഹിന്ദുത്വദേശീയവാദികള്‍ തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രീയ നേതാക്കളെയും കലാകാരന്മാരെയും പ്രക്ഷോഭകാരികളെയും അടിച്ചമര്‍ത്തുകയാണല്ലോ. പട്ടിണിയില്‍ നിന്നും മുതലാളിത്തത്തില്‍ നിന്നും മനുവാദത്തില്‍ നിന്നും സംഘ്പരിവാറില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് എങ്ങനെയാണ് രാജ്യദ്രോഹകുറ്റമാകുക? സങ്കുചിതമായ ദേശീയ വികാരങ്ങള്‍ കുത്തിയുണര്‍ത്തി മോദിസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെയും ഹിന്ദുത്വഫാസിസത്തെയും എതിര്‍ക്കുന്ന എല്ലാവരെയും രാജ്യദ്രോഹികളായി മുദ്രകുത്തി വേട്ടയാടുകയാണല്ലോ. 1920-കളിലും 30-കളിലും ഇറ്റലിയിലും ജര്‍മനിയിലും ദേശീയതയെ വിശ്വാസഭ്രാന്താക്കുകയാണ് മുസോളിനിയും ഹിറ്റ്‌ലറും ചെയ്തത്. പ്രാചീന റോമാ സാമ്രാജ്യത്വത്തിന്റെ സംസ്‌കാരത്തെ മഹത്വവത്കരിക്കുകയും ജൂലിയസ് സീസറുടെയും അഗസ്റ്റസ് സീസറുടെയും ഭരണകാലം പുനരാനയിക്കുകയുമാണ് മുസോളിനി ചെയ്തത്. ഹിറ്റ്‌ലര്‍ ആര്യ വംശാഭിമാനത്തിന്റെ സങ്കുചിത ബോധം സെമറ്റിക് മതസമൂഹങ്ങള്‍ക്കെതിരായ വിദേ്വഷമായി പടര്‍ത്തി അതിനെ എതിര്‍ക്കുന്നവരെ എല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തി വേട്ടയാടുകയായിരുന്നല്ലോ.
ഇന്ത്യയിലെ 127 കോടി ജനങ്ങളില്‍ 12 ശതമാനത്തോളം വരുന്ന സവര്‍ണ സമ്പന്ന വിഭാഗങ്ങളാണ് 88 ശതമാനത്തോളം വരുന്ന ബഹുഭൂരിപക്ഷത്തിന്റെ ജീവിതാവകാശങ്ങളെ നിഷേധിക്കുന്നത്. വിഭവങ്ങളും സമ്പത്തും കൈയടക്കിവെച്ചിരിക്കുന്ന കോര്‍പ്പറേറ്റുകളും സവര്‍ണജാതി വിഭാഗങ്ങളും മഹാഭൂരിപക്ഷം വരുന്ന പണിയെടുക്കുന്നവരെയും അവര്‍ണ ജനസമൂഹങ്ങളെയും അടിച്ചമര്‍ത്തുകയാണ്. രാഷ്ട്രസമ്പത്ത് കോര്‍പ്പറേറ്റ് കുടുംബങ്ങളിലേക്ക് ആഗോളഫൈനാന്‍സ് കേന്ദ്രങ്ങളിലേക്കും ഒഴുകിപ്പോകുമ്പോള്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ 86 കോടി പേരുടെ പ്രതിദിന വരുമാനം 20 രൂപയായി ചുരുങ്ങുകയാണ്. ആഗോള അഗ്രിബിസിനസ് കമ്പനികളും ഖനന കുത്തകകളും ഭൂമിയും നദികളും വിഭവങ്ങളും കൈയടക്കിക്കൊണ്ടേയിരിക്കുന്നു. കാര്‍ഷിക വൃത്തി, കോര്‍പ്പറേഷനും ഭക്ഷ്യസുരക്ഷ, അഗ്രിബിസിനസുമായി പരിണമിച്ചിരിക്കുന്നു.
രാജ്യത്തിന്റെ വിശാല ഭൂപ്രദേശങ്ങളിലെ ജനത പട്ടിണിയിലും അര്‍ധപട്ടിണിയിലുമാണ്. കാശിപ്പൂരും കാലഹണ്ഡിയും റായല്‍സീമയും ഛത്തീസ്ഗഡും അട്ടപ്പാടികളും ദളിതര്‍ക്കും ഗോത്രജനതക്കും പട്ടടകളായി തീര്‍ന്നിരിക്കുന്നു. പട്ടിണിയും പോഷകാഹാരക്കുറവും സ്ത്രീകളെയും കുഞ്ഞുങ്ങളെയും വേട്ടയാടുകയാണ്. രാജ്യത്തെ 80 ശതമാനം സ്ത്രീകളും വിളര്‍ച്ചാ ബാധിതരാണെന്നാണ് ആരോഗ്യ കുടുംബസര്‍വേകള്‍ സൂചിപ്പിക്കുന്നത്.
ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും അധീശത്വശക്തികളില്‍ നിന്നും സ്വാതന്ത്ര്യം അവകാശപ്പെടുന്നത് രാജ്യദ്രോഹമായി തോന്നുന്നത് ജനദ്രോഹികളായ ഭരണ വര്‍ഗശക്തികള്‍ക്ക് മാത്രമാണ്. രാജ്യമെന്നാല്‍ മഹാഭൂരിപക്ഷം വരുന്ന ജനതയാണെന്ന യാഥാര്‍ഥ്യത്തെ മറന്നവരാണ് യഥാര്‍ഥ രാജ്യദ്രോഹികള്‍. ജനങ്ങളുടെ അസ്വാതന്ത്ര്യത്തിലും പട്ടിണിയിലും ഹൃദയമലിയാത്ത, അതിര്‍ത്തികളെക്കുറിച്ചും അയല്‍രാജ്യങ്ങളെക്കുറിച്ചും എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദികള്‍ അവരാണ് യഥാര്‍ഥ രാജ്യദ്രോഹികള്‍. ഭക്ഷ്യസുരക്ഷയാണ് രാജ്യസുരക്ഷയുടെ അടിസ്ഥാനമെന്നകാര്യം വിസ്മരിച്ച ഹിന്ദുത്വവാദികള്‍ അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഇസ്‌റാഈലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിക്കൂട്ടി രാജ്യസുരക്ഷയുടെ പേരില്‍ ആഗോള പ്രതിരോധകമ്പനികളുടെ ആയുധക്കച്ചവടം കൊഴുപ്പിക്കുകയാണ്.
ഒരു ജനതയുടെ ആത്മബോധത്തെയും പാരമ്പര്യത്തെയും സങ്കുചിത ദേശീയ വികാരങ്ങളില്‍ കുടുക്കിയിട്ട് വിദേ്വഷവും മതാന്ധതയും വളര്‍ത്തുന്നവര്‍ ഇന്ത്യന്‍ രാഷ്ട്രഘടനയെ തന്നെ അസ്ഥിരീകരിക്കുന്നു. ഇന്ത്യന്‍ ദേശീയത എന്നത് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാത്രമല്ല. ഭൂരിപക്ഷ മതബോധവും അല്ല. അത് ചരിത്രപരവും വസ്തുനിഷ്ഠവുമായ ഒരു ജനസഞ്ചയം ദേശരാഷ്ട്രമായി രൂപപ്പെട്ട രാഷ്ട്രീയ പ്രക്രിയകൂടിയാണ്. സ്‌കൂള്‍ മാസ്റ്റര്‍ എന്ന സിനിമയിലെ“”ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ…” എന്ന പി ഭാസ്‌കരന്റെ വരികള്‍ ഇന്ത്യ എന്ന സങ്കല്‍പ്പത്തിന്റെ ചരിത്ര രാഷ്ട്രീയ പ്രക്രിയയാണ് അനാവരണം ചെയ്യുന്നത്.
കൊളോണിയല്‍ മേധാവിത്വത്തിനും അതിന്റെ സാമൂഹിക അടിസ്ഥാനമായി വര്‍ത്തിച്ച സവര്‍ണ ജാതി മേധാവിത്വത്തിനും എതിരായ പോരാട്ടത്തിലൂടെ രൂപപ്പെട്ടുവന്ന ജനാധിപത്യപരമായ ദേശീയതയാണ് ഇന്ത്യന്‍ ദേശീയത. അത് പീര്‍ മുഹമ്മദിന്റെയും മംഗള്‍ പാണ്‍ഡെയുടെയും രക്തം കലര്‍ന്നതാണ്. ഭഗത് സിംഗിന്റെയും രാജ്ഗുരുവിന്റെയും സുഖ്‌ദേവിന്റെയും വാരിയംകുന്നന്റെയും അബുവിന്റെയും ചാത്തുക്കുട്ടിയുടെയും രക്തസാക്ഷിത്വത്തിലൂടെ രൂപപ്പെട്ടതാണ്. ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമരത്തെ അതിന്റെ ചരിത്രത്തിലുടനീളം ഒറ്റിക്കൊടുത്തവര്‍ എന്നും ജനാധിപത്യ ദേശീയതയുടെ ശത്രുക്കളായിരുന്നു. ഇന്ത്യന്‍ യൂനിയനില്‍ കാശ്മീര്‍ ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങള്‍ ചേരില്ലെന്ന് വാശിപിടിച്ചപ്പോള്‍ നാട്ടുരാജാക്കന്മാരുടെ പക്ഷം ചേര്‍ന്ന് ദേശീയ സംയോജനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് ഇന്ന് ഐക്യത്തിന്റെയും അഖണ്ഡതയുടെയും പേരില്‍ കന്‍ഹയ്യമാരെ വേട്ടയാടുന്നത്. സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ നിന്നും മാറിനിന്നവര്‍, ബ്രിട്ടന്റെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ ഉപകരണമായി നിന്നവര്‍ ഇന്ന് രാജ്യദ്രോഹം പറയുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് സമാനമാണ്.

 

---- facebook comment plugin here -----

Latest