Connect with us

Gulf

യു എ ഇയില്‍ പ്രതിവര്‍ഷ 32 ലക്ഷം ടണ്‍ ഭക്ഷണാവശിഷ്ടങ്ങള്‍

Published

|

Last Updated

ദുബൈ: രാജ്യത്ത് ഭക്ഷണാവശിഷ്ടങ്ങളുടെ തോത് പ്രതിവര്‍ഷം കൂടി വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 ആകുമ്പോള്‍ രാജ്യത്തെ ഭക്ഷണാവശിഷ്ടങ്ങളുടെ അളവ് 3,270,000 ടണ്‍ ആയി ഉയരുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അവശിഷ്ടങ്ങളുടെ തോത് 27 ശതമാനമെന്ന കണക്കിലാണ് വര്‍ധിച്ചുവരുന്നത്.
രാജ്യത്തെ വിവിധ നഗരസഭകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളുടെ കണക്കുകളനുസരിച്ചാണ് അധികൃതര്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയത്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഇതിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. പരിഹാര നടപടികളിലെ ഏറ്റവും പ്രധാനപ്പെട്ടത് സമൂഹത്തിലെ മുഴുവന്‍ ആളുകളുടെയും ശ്രദ്ധ ഈ ഗുരുതര പ്രശ്‌നത്തിലേക്ക് ക്ഷണിക്കുകയും അവരെ ബോധവത്കരിക്കുകയും ചെയ്യുകയെന്നതാണ്. അവശിഷ്ടങ്ങള്‍ പുനരുപയുക്തമാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് തീവ്രശ്രമം നടക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ഗാര്‍ബേജ് ഡിസ്‌പോസല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ അമേരിക്കന്‍ സ്ഥാപനമായ “ഇന്‍സിംക്‌റേറ്റര്‍” നടത്തിയ പഠനത്തിലാണ് യു എ ഇയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായി വ്യക്തമായത്. അവശിഷ്ടങ്ങള്‍ പുനരുപയുക്തമാക്കുന്നതിന് രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ സ്ഥാപനത്തിന്റെ ബിസിനസ് ഡവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ മുഹമ്മദ് കറം പ്രത്യേകം പ്രശംസിച്ചു. നിലവില്‍ രാജ്യത്തെ പാരിസ്ഥിതി മന്ത്രാലയത്തിനു കീഴില്‍ അഞ്ച് ലക്ഷം ടണ്‍ അവശിഷ്ടങ്ങളാണ് പുനരുപയുക്തമാക്കുന്നത്. ഇതില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ മാത്രമല്ല, മറ്റുള്ള മാലിന്യങ്ങളും ഉള്‍പെടും.
2020 ആകുമ്പോഴേക്കും മൊത്തം ഭക്ഷണാവശിഷ്ടങ്ങളുടെ 30 ശതമാനമെങ്കിലും പുനരുപയുക്തമാക്കാന്‍ സാധിക്കണമെന്ന് മുഹമ്മദ് കറം അഭിപ്രായപ്പെട്ടു. രാജ്യത്തെ വീടുകളിലും ഭക്ഷണ നിര്‍മാണ വില്‍പന ശാലകളിലും മറ്റും ഗ്രീന്‍ ടെക്‌നോളജി നടപ്പാക്കേണ്ടതുണ്ട്. എങ്കില്‍ മാലിന്യങ്ങള്‍ കൂടുതല്‍ അളവിലും കുറഞ്ഞ ചെലവിലും പുനരുപയുക്തമാക്കാന്‍ മന്ത്രാലയത്തിനു കഴിയും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യാവര്‍ധനവ് ഭക്ഷണാവശിഷ്ടങ്ങള്‍ വര്‍ധിച്ചുവരുന്നതിനുള്ള കാരണങ്ങളിലൊന്നാണ്. ഗള്‍ഫ് മേഖലയില്‍ ഏറ്റവും വേഗത്തില്‍ ജനസംഖ്യാ വര്‍ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് യു എ ഇ.

Latest