Connect with us

Kerala

ജില്ലാ സെക്രട്ടറി സ്ഥാനം വേണ്ടെന്ന് സി മോയിന്‍കുട്ടി

Published

|

Last Updated

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ നിന്ന് ഒഴിവാക്കി തരണമെന്ന അഭ്യര്‍ഥനയുമായി സിറ്റിംഗ് എം എല്‍ എ. സി മോയിന്‍കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പായതിനാല്‍ നല്ല പോലെ അധ്വാനിക്കേണ്ട സമയമാണെന്നും അതിന് പാര്‍ട്ടി ജന.സെക്രട്ടറി സ്ഥാനത്ത് ചെറുപ്പക്കാരാണ് നല്ലതെന്നും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി സി മോയിന്‍കുട്ടി സിറാജിനോട് പറഞ്ഞു.
ജില്ലാ സെക്രട്ടറി സ്ഥാനം തന്നെ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ച പാര്‍ട്ടി നേതൃത്വത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തനിക്ക് ഇതുവരെ നല്ല പരിഗണന നല്‍കിയിട്ടുണ്ട്. 15 വര്‍ഷത്തോളം എം എല്‍ എയായി. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ചു. ഇതിലൊക്കെ താന്‍ പൂര്‍ണ തൃപ്തനാണെന്നും മോയിന്‍കുട്ടി പറഞ്ഞു. ജില്ല ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന തന്റെ ആവശ്യം പരിഗണിക്കാമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടിയുടെയും മുന്നണിയുടെയും വിജയത്തിന് വേണ്ടി താന്‍ മുഴുവന്‍ സമയം പ്രവര്‍ത്തന രംഗത്തുണ്ടാകുമെന്നും മോയിന്‍കുട്ടി പറഞ്ഞു. ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യപ്പെട്ടതിനെ കുറിച്ച് മറ്റു തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല. വീണ്ടും സീറ്റ് നല്‍കാത്തതില്‍ തനിക്ക് പരിഭവമില്ലന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ തിരുവമ്പാടിയില്‍ കൊടുവള്ളിയിലെ നിയമസഭാംഗം വി എം ഉമ്മര്‍ മാസ്റ്ററെയാണ് ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതോടെയാണ് മുസ്‌ലിം ലീഗില്‍ പ്രതിസന്ധിയുണ്ടായതും. താമരശേരി രൂപതയും മലയോര വികസന സമിതിയുമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മലയോര വികസന സമിതി പ്രതിനിധികള്‍ സ്ഥാനാര്‍ഥിക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. അവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ മലയോര കുടിയേറ്റ ജനതയുടെ വികാരമനുസരിച്ചുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്താമെന്ന് യു ഡി എഫ് നേതൃത്വം നേരത്തെ തന്നെ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നിലവിലെ കൊടുവള്ളി എം എല്‍ എ. വി എം. ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലെ സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗ് പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മലയോരവികസന സമിതി പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Latest