ആഭ്യന്തര, വിദേശ വിപണികളില്‍ റബ്ബര്‍ വിലയില്‍ വര്‍ധന

Posted on: March 6, 2016 11:20 pm | Last updated: March 6, 2016 at 11:20 pm

marketകൊച്ചി: രാജ്യാന്തര വിപണിയില്‍ റബ്ബര്‍ മുന്നേറി. ക്രൂഡ് ഓയില്‍ വില മുന്നേറിയത് നിക്ഷേപകരെ റബ്ബറിലേക്ക് അടുപ്പിച്ചു. ടോക്കോം എക്‌സ്‌ചേഞ്ചില്‍ റബ്ബര്‍ വില ഉയര്‍ന്നത് ഏഷ്യയിലെ ഇതര വിപണികളിലും ചലനമുളവാക്കി. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള മുഖ്യ ഉത്പാദന രാജ്യങ്ങളില്‍ ഷീറ്റ് വില കയറി. കേരളത്തില്‍ നിന്ന് ഷീറ്റ് സംഭരിക്കാന്‍ ടയര്‍ വ്യവസായികള്‍ ഉത്സാഹിച്ചതോടെ നാലാം ഗ്രേഡ് റബ്ബര്‍ വില 400 രൂപ വര്‍ധിച്ച് 10,000 രൂപയായി. അഞ്ചാം ഗ്രേഡ് 9500 ല്‍ നിന്ന് 9900 ലേക്ക് കയറി.
ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ കുരുമുളക് വില ഉയര്‍ന്നു. കര്‍ണാടകത്തില്‍ നിന്നുള്ള വില്‍പ്പന സമ്മര്‍ദം കുറഞ്ഞതാണ് തിരിച്ചു വരവിന് അവസരം ഒരുക്കിയത്. ശിവരാത്രി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഉയര്‍ന്ന അളവില്‍ ചരക്ക് ശേഖരിച്ചു. വാരാന്ത്യം ഗാര്‍ബിള്‍ഡ് കുരുമുളക് 65,300 ലും അണ്‍ ഗാര്‍ബിള്‍ഡ് 62,300 ലുമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് ഇന്ത്യന്‍ മുളകിന് അന്വേഷണങ്ങളില്ല. അതേസമയം വാരാവസാനം രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ട സാഹചര്യത്തില്‍ കയറ്റുമതി സാധ്യതകള്‍ തെളിയുന്നു. ഇന്ത്യന്‍ നിരക്ക് ടണ്ണിന് 9700 ഡോളറാണ്.
മധ്യകേരളത്തില്‍ നിന്ന് ഉയര്‍ന്ന അളവില്‍ ജാതിക്ക വില്‍പ്പനക്ക് എത്തി. കറിമസാല വ്യവസായികളും ഔഷധ നിര്‍മാതാക്കളും പുതിയ ചരക്ക് ശേഖരിച്ചു. വിദേശ ഓര്‍ഡറുകള്‍ മുന്‍നിര്‍ത്തി കയറ്റുമതിക്കാര്‍ ചരക്ക് സംഭരിച്ചു. ജാതിക്ക തൊണ്ടന്‍ കിലോ 180-200, തൊണ്ടില്ലാത്തത് 380-400, ജാതിപത്രി 600-925 രൂപ.
വെളിച്ചെണ്ണക്ക് പ്രദേശിക വില്‍പ്പന ഉയരാഞ്ഞത് ഓയില്‍ മില്ലുകാരുരെ വില്‍പ്പനക്കാരാക്കി. വെളിച്ചെണ്ണ 8700 ല്‍ നിന്ന് 8300 രൂപയായി. കൊപ്ര വില 5950 ല്‍ നിന്ന് 5690 ലേക്ക് ഇടിഞ്ഞു. വിളവെടുപ്പ് പുരോഗമിച്ചതോടെ പച്ചത്തേങ്ങയുടെ ലഭ്യത കനത്തു. രൂപയുടെ വിനിമയ നിരക്ക് ഉയര്‍ന്നത് വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ചിലവ് കുറച്ചു.
ആഭരണ വിപണികളില്‍ പവന്‍ 21,280 രൂപയില്‍ നിന്ന് 21,480 രൂപയായി. ഒരു ഗ്രാമിന്റെ വില 2685 രൂപ. ലണ്ടനില്‍ ഒരൗണ്‍സ് സ്വര്‍ണം 1221 ഡോളറില്‍ നിന്ന് 1280 വരെ ഉയര്‍ന്നു.