യാത്രാ ബത്ത നിയന്ത്രണം; സിറ്റിംഗുകള്‍ നിര്‍ത്തി വെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനം

Posted on: March 6, 2016 12:30 pm | Last updated: March 6, 2016 at 12:30 pm

human rights commisionതിരുവനന്തപുരം: ജില്ലകളില്‍ നടക്കുന്ന സിറ്റിംഗുകളില്‍ പങ്കെടുക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ ജീവനക്കാര്‍ക്ക് യാത്രാബത്തയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഏപ്രില്‍ മുതല്‍ വിവിധ ജില്ലകളില്‍ നടക്കുന്ന സിറ്റിംഗുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ കമ്മീഷന്റെ പ്രതേ്യക യോഗം തീരുമാനിച്ചു. യാത്രാബത്താ നിയന്ത്രണം സംബന്ധിച്ചുള്ള നിയമവകുപ്പ് സെക്രട്ടറിയുടെ അറിയിപ്പ് കമ്മീഷന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമാക്കിയിരിക്കുന്നതായി കമ്മീഷന്‍ പറഞ്ഞു.

ഏപ്രില്‍ മുതല്‍ കേസുകളെല്ലാം കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ മാത്രം പരിഗണിക്കും. നേരത്തെ നോട്ടീസയക്കുകയോ പരിഗണിക്കുകയോ ചെയ്ത കേസുകള്‍ മാത്രം അതാത് സിറ്റിംഗില്‍ നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
എല്ലാ ജില്ലകളിലും കമ്മീഷന്‍ സിറ്റിംഗ് നടത്തുന്നുണ്ട്. പതിനായിരക്കണക്കിന് സാധാരണക്കാരാണ്് ഒരു രൂപപോലും ചെലവാക്കാതെ പരാതി പരിഹരിക്കാന്‍ കഴിയുന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗില്‍ സംബന്ധിക്കാറുള്ളത്. ചില ജില്ലകളില്‍ പരാതിക്കാരുടെ സൗകര്യാര്‍ത്ഥം മൂന്ന് സ്ഥലങ്ങളില്‍ വരെ സിറ്റിംഗ് നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് മാത്രമാണ് കമ്മീഷന് ഓഫീസുള്ളത്. 2015 ല്‍ കമ്മീഷനില്‍ ഫയല്‍ ചെയ്യപ്പെട്ടത് 15000 കേസുകളാണ്.
തിരുവനന്തപുരത്ത് താമസിക്കുന്ന ജീവനക്കാരാണ് സിറ്റിംഗില്‍ കമ്മീഷനെ സഹായിക്കാന്‍ പോകുന്നത്. സിറ്റിംഗില്‍ കോര്‍ട്ട് ഓഫീസറും ഓഫീസ് അറ്റന്‍ഡന്റും നടപടിക്രമങ്ങള്‍ രേഖപ്പെടുത്താന്‍ കമ്മീഷന്റെ സ്റ്റാഫ് അംഗവുമാണ് പോകുന്നത്. ഇവര്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി സിറ്റിംഗിനു പോകേണ്ട ഗതികേടാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
സാധാരണ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്ക് ബാധകമായ മുന്നുമാസത്തിലൊരിക്കലുള്ള യാത്രാബത്ത സിറ്റിംഗ് കമ്മീഷനിലെ ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. യാത്രാബത്ത നിയന്ത്രണം വന്നാല്‍ സിറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടുള്ളതായി കമ്മീഷന്‍ പറഞ്ഞു.
ഇക്കാര്യം കമ്മീഷന്‍ അധ്യക്ഷന്‍ മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ സിറ്റിംഗ് ആവശ്യമെങ്കില്‍ ഒഴിവാക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസ് റാങ്കിലുള്ള കമ്മീഷന്‍ അധ്യക്ഷന് നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ യാത്രാബത്ത സംബന്ധിച്ച് 2012 നു ശേഷം മറ്റൊരു ഉത്തരവും പാസാക്കിയില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഉത്തരവുപോലും ധനവകുപ്പ് അവഗണിച്ചതായി കമ്മീഷന്‍ പറഞ്ഞു.
കമ്മീഷന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അതിന് യുക്തമെന്ന് തോന്നുന്ന തുക സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റില്‍ നിന്നും ചിലവഴിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്ന് പാര്‍ലിമെന്റ് പാസാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമത്തില്‍ അനുശാസിക്കുമ്പോഴാണ് ധനവകുപ്പിന്റെ വിരുദ്ധ നിലപാട്. കമ്മീഷന്റെ ആരംഭകാലം മുതല്‍ ജീവനക്കാരുടെ യാത്രാബത്തയില്‍ നിയന്ത്രണമില്ല. യഥാര്‍ത്ഥ യാത്രാബത്തയാണ് ജീവനക്കാര്‍ക്ക് നല്‍കിവരുന്നത്. എന്നാല്‍ 2012ല്‍ ധനവകുപ്പ് പുറത്തിറക്കിയ യാത്രാബത്ത നിയന്ത്രണ ഉത്തരവ് കമ്മീഷനും ബാധകമാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 12 ന് നിയമവകുപ്പ് സെക്രട്ടറി കമ്മീഷനെ അറിയിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഒരു സര്‍ക്കാര്‍ സ്ഥാപനമല്ല. പാര്‍ലിമെന്റ് പാസാക്കിയ നിയമം അനുസരിച്ച് രൂപവത്കരിക്കപ്പെട്ട സ്വതന്ത്ര അധികാര സ്ഥാപനമായ കമ്മീഷന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഗ്രാന്റില്‍ നിന്നും പണം ചിലവഴിക്കാനുള്ള അധികാരമുണ്ട്. യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്കും ധന, നിയമ സെക്രട്ടറിമാര്‍ക്കും അയച്ചിട്ടുണ്ട്.