Connect with us

Gulf

അശോക് ലെയ്‌ലന്റ് പ്ലാന്റ് വികസന ശിലാസ്ഥാപനം ശൈഖ് സഊദ് നിര്‍വഹിച്ചു

Published

|

Last Updated

റാസല്‍ ഖൈമ: ഭാരവാഹനങ്ങളുടെ നിര്‍മാണത്തില്‍ മുന്‍നിരയിലുള്ള ഇന്ത്യന്‍ കമ്പനിയായ അശോക് ലെയ്‌ലാന്റ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് റാസല്‍ ഖൈമയിലെ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെയും ഡിസൈന്‍ ആന്റ് സര്‍വീസ് ട്രെയ്‌നിംഗ് സെന്ററിന്റെയും ശിലാസ്ഥാപനം സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി നിര്‍വഹിച്ചു.
ഇതോടെ യു എ ഇ പ്ലാന്റിലെ ഉത്പാദനം ഇരട്ടിയാകുമെന്ന് കമ്പനി അധികൃതര്‍ പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകോത്തര നിലവാരമുള്ള ബസുകളും ലോറികളുമാണ് കമ്പനി റാസല്‍ ഖൈമയിലെ പ്ലാന്റില്‍ നിര്‍മിക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന ഏഴ് മെട്രിക് ടണ്‍ ഭാരമുള്ള വാഹനങ്ങളുടെ ഉത്പാദനമാണ് ഇരട്ടിയാക്കുകയെന്ന് എം ഡി വിനോദ് കെ ദസാരിയും അശോക് ലെയ്‌ലാന്റ് യു എ ഇ ഇന്റര്‍നാഷണല്‍ അസംബ്ലി ഓപ്പറേഷന്‍സ് ഹെഡ് കെ എം മന്‍ദണ്ണയും വ്യക്തമാക്കി. പ്ലാന്റിന്റെ ഉത്പാദന ശേഷി ഗണ്യമായി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.
യു എ ഇ വിവര വികസന സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, അശോക് ലെയ്‌ലാന്റ് ഉള്‍പെടുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അശോക് ഹിന്ദുജ, കോ-ചെയര്‍മാന്‍ ജി പി ഹിന്ദുജ, അശോക് ലെയ്‌ലാന്റ് ചെയര്‍മാന്‍ ദീരജ് ജി ഹിന്ദുജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശൈഖ് സഊദ് ശിലാസ്ഥാപനം നിര്‍വഹിച്ചതെന്ന് ഇരുവരും വ്യക്തമാക്കി.

Latest