അലിഗഢിനെതിരായ മന്ത്രിയുടെ പ്രസ്താവന വി സി സ്ഥിരീകരിച്ചു

Posted on: March 4, 2016 10:43 am | Last updated: March 4, 2016 at 11:46 am

zameeruddin-shahഅലിഗഢ്: കേരളത്തിലെ മലപ്പുറത്തേത് അടക്കമുള്ള അലിഗഢ് യൂനിവേഴ്‌സിറ്റി ഓഫ് കാമ്പസുകള്‍ അനധികൃതമാണെന്നും അവക്ക് മാനവ വിഭവശേഷി മന്ത്രാലയം സാമ്പത്തിക സഹായം നല്‍കില്ലെന്നും മന്ത്രി സ്മൃതി ഇറാനി കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞതായി അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വി സി ലെഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം സ്മൃതി ഇറാനിയുമായി കൂടിക്കാഴ്ച നടത്തവേ സമീറുദ്ദീന്‍ ഷായെ സ്മൃതി ഇറാനി അപമാനിച്ചുവെന്ന പത്രവാര്‍ത്തകള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതോടെ, സംഭവത്തില്‍ വ്യക്തതവരുത്താനായി അലിഗഢ് വി സി പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
അലിഗഢ് യൂണിവേഴ്‌സിറ്റി എക്‌സിക്യുട്ടീവ് കൗണ്‍സില്‍, കോടതി, കേന്ദ്ര സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി ചാന്‍സ്‌ലറായ പ്രസിഡന്റ് എന്നിവരുടെയെല്ലാം അംഗീകാരത്തോടെയാണ് ഓഫ് ക്യാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും സെന്ററുകളെല്ലാം അനധികൃതമാണെന്നും അവക്ക് തന്റെ വകുപ്പ് ധനസഹായം നല്‍കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞതായി ഉമ്മന്‍ ചാണ്ടി പറഞ്ഞുവെന്ന് സമീറുദ്ദീന്‍ ഷാ വ്യക്തമാക്കുന്നു.
40 വര്‍ഷത്തോളമുള്ള ജീവിതത്തിന്റെ നല്ല കാലങ്ങള്‍ രാജ്യരക്ഷക്കായി ഹോമിക്കുകയും 1971ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ പോരാടുകയും ചെയ്ത തന്നെപ്പോലെയുള്ള മുന്‍ സൈനികനെ അവഹേളിക്കുന്നതാണ് ഈ സംഭവം. ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച തനിക്ക് രാജ്യസ്‌നേഹം എന്താണെന്നറിയാം. ഇതുമായി ബന്ധപ്പെട്ട് വന്ന മാധ്യമ റിപ്പോര്‍ട്ടുകളെല്ലാം വിവാദങ്ങള്‍ സൃഷ്ടിക്കാനും അലിഗഢ് യൂനിവേഴ്‌സിറ്റിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണ്. യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.